പ്രവാസികൾക്ക് വലിയ ആശ്വാസം: യുഎഇയിലെ അൽഹിന്ദ് കേന്ദ്രങ്ങളിൽ ഇനി ഞായറാഴ്ചകളിലും പാസ്‌പോർട്ട് വിതരണം
രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെയാണ് ഞായറാഴ്ച പുതിയ സേവനം ലഭ്യമാകുക
ദുബായ്: യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് ആശ്വാസമേകി പാസ്‌പോർട്ട് വിതരണത്തിന് ഞായറാഴ്ചകളിൽ പ്രത്യേക കൗണ്ടറുകൾ ആരംഭിച്ച് അൽഹിന്ദ് ഗ്ലോബൽ സർവീസസ്. ജോലിത്തിരക്കുകൾ കാരണം പ്രവൃത്തിദിവസങ്ങളിൽ നേരിട്ടെത്തി പാസ്‌പോർട്ട് കൈപ്പറ്റാൻ സാധിക്കാത്തവർക്കും കൊറിയർ സേവനങ്ങൾ ക്രമീകരിക്കാൻ ബുദ്ധിമുട്ടുന്നവർക്കുമായാണ് ഈ സൗകര്യം. രാജ്യത്തെ 16 ഇന്ത്യൻ കോൺസുലർ ആപ്ലിക്കേഷൻ സെന്ററുകളിലും (ഐസിഎസി) ഞായറാഴ്ചകളിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെ പുതിയ സേവനം ലഭ്യമാകും.
ഏകീകൃത നിരക്കും ഓൺലൈൻ ബുക്കിംഗും
അപേക്ഷാ ഫോം പൂരിപ്പിക്കൽ, ഫോട്ടോ എടുക്കൽ, ഫോട്ടോക്കോപ്പി, കൊറിയർ ക്രമീകരണം തുടങ്ങിയ എല്ലാ അടിസ്ഥാന സേവനങ്ങൾക്കും 19 ദിർഹം എന്ന ഏകീകൃത നിരക്കാണ് അൽഹിന്ദ് ഈടാക്കുന്നത്. ഇതോടെ അപേക്ഷകർ പുറത്തുള്ള ഏജൻസികളെ ആശ്രയിക്കേണ്ട സാഹചര്യം ഒഴിവാകും. അപ്പോയിന്റ്മെന്റുകൾ വെബ്‌സൈറ്റ് വഴി ഓൺലൈനായി ബുക്ക് ചെയ്യാം. തിങ്കൾ മുതൽ ശനി വരെ ദിവസവും രാവിലെ 9 മണിക്കും രാത്രി 9 മണിക്കും പുതിയ സ്ലോട്ടുകൾ തുറക്കും.
പ്രവർത്തന സമയവും ക്രമീകരണങ്ങളും
യുഎഇയിലുടനീളമുള്ള 16 അൽഹിന്ദ് കേന്ദ്രങ്ങളും തിങ്കൾ മുതൽ ശനി വരെ രാവിലെ 8 മുതൽ വൈകിട്ട് 6 വരെ പ്രവർത്തിക്കും. നിശ്ചയിച്ചിട്ടുള്ള അപ്പോയിന്റ്മെന്റ് സമയത്തിന് 15 മിനിറ്റ് മുൻപ് മാത്രമേ അപേക്ഷകർക്ക് കേന്ദ്രങ്ങൾക്കുള്ളിലേക്ക് പ്രവേശനം അനുവദിക്കൂ. കാത്തിരിപ്പ് സമയവും തിരക്കും ഗണ്യമായി കുറയ്ക്കുന്നതിനായി ബുർ ദുബായ് കേന്ദ്രത്തിൽ മാത്രം 45 കൗണ്ടറുകൾ സജ്ജീകരിച്ചിട്ടുണ്ട്.
ബാക്ക്‌ലോഗുകൾ പൂർണ്ണമായി തീർപ്പാക്കി
പാസ്‌പോർട്ട് പുതുക്കൽ, രേഖകൾ സാക്ഷ്യപ്പെടുത്തൽ ഉൾപ്പെടെയുള്ള സേവനങ്ങൾ കഴിഞ്ഞ ജൂലൈ 22 മുതലാണ് അൽഹിന്ദ് ഏറ്റെടുത്തത്. കഴിഞ്ഞ നവംബറിൽ കരാർ ലഭിച്ചെങ്കിലും നിയമതർക്കങ്ങളെ തുടർന്ന് സേവനങ്ങൾ ആരംഭിക്കുന്നത് വൈകുകയായിരുന്നു. ഈ സമയത്ത് ഇന്ത്യൻ മിഷനുകൾ നേരിട്ട് സേവനം നൽകിയപ്പോൾ ഉണ്ടായ വലിയ ബാക്ക്‌ലോഗുകൾ ഇപ്പോൾ പൂർണ്ണമായി തീർപ്പാക്കിയതായി അധികൃതർ അറിയിച്ചു. നിലവിൽ എല്ലാ കേന്ദ്രങ്ങളിലും തടസ്സമില്ലാതെ അപ്പോയിന്റ്മെന്റുകൾ ലഭ്യമാണ്.
Comments ()