ചൂരയിലെ വിരകൾ ആരോഗ്യത്തിന് ഭീഷണിയോ? ഇന്ത്യൻ സാഹചര്യത്തിൽ മറുപടിയുമായി സിഎംഎഫ്ആർഐ
ഇന്ത്യൻ സമുദ്രമേഖലയിൽ പിടിക്കപ്പെടുന്ന ചൂരമീനുകളിൽ മനുഷ്യരുടെ ആരോഗ്യത്തിന് ഹാനികരമായ തരത്തിലുള്ള വിരകളുടെ സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്നാണ് സ്ഥാപനത്തിന്റെ വിശദീകരണം
കൊച്ചി: ചൂരമീൻ കഴിക്കുന്നതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ആശങ്കകൾക്ക് വിശദീകരണവുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). ബ്രസീലിൽ നിന്നുള്ള ചൂരമീനിൽ പരാദജീവികളെ കണ്ടെത്തിയെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് ഇന്ത്യൻ തീരങ്ങളിൽ ലഭിക്കുന്ന ചൂരയെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് സിഎംഎഫ്ആർഐ വ്യക്തമാക്കിയത്.
ഇന്ത്യൻ സമുദ്രമേഖലയിൽ പിടിക്കപ്പെടുന്ന ചൂരമീനുകളിൽ മനുഷ്യരുടെ ആരോഗ്യത്തിന് ഹാനികരമായ തരത്തിലുള്ള വിരകളുടെ സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്നാണ് സ്ഥാപനത്തിന്റെ വിശദീകരണം. മത്സ്യ ജീവശാസ്ത്രവുമായി ബന്ധപ്പെട്ട പഠനങ്ങളുടെ ഭാഗമായി ഇന്ത്യൻ തീരങ്ങളിൽ ലഭിക്കുന്ന ചൂര ഉൾപ്പെടെയുള്ള വിവിധ മത്സ്യ ഇനങ്ങളെ ശാസ്ത്രജ്ഞർ നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്നും സിഎംഎഫ്ആർഐ ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ് പറഞ്ഞു.
മത്സ്യങ്ങളിൽ പരാദജീവികൾ കാണപ്പെടുന്നത് ഓരോ സമുദ്രമേഖലയിലെയും പാരിസ്ഥിതിക സാഹചര്യങ്ങൾക്കും അവിടെയുള്ള മറ്റ് ജീവികളുടെ സാന്നിധ്യത്തിനും അനുസരിച്ചാണ്. അതിനാൽ ഒരു രാ\]ജ്യത്ത് മത്സ്യത്തിൽ കണ്ടെത്തുന്ന പരാദജീവികളുടെ സാന്നിധ്യം അതേ മത്സ്യത്തിന് മറ്റൊരു സമുദ്രമേഖലയിലും ഉണ്ടാകണമെന്നില്ലെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.
ചൂരമീൻ പാചകം ചെയ്യുന്നതിന് മുമ്പ് നന്നായി കഴുകി വൃത്തിയാക്കുകയും കുടൽ ഉൾപ്പെടെയുള്ള ആന്തരികാവയവങ്ങൾ നീക്കം ചെയ്യുകയും വേണം. തുടർന്ന് ശരിയായ രീതിയിൽ വേവിച്ച് കഴിച്ചാൽ ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് സിഎംഎഫ്ആർഐയുടെ നിലപാട്. ഇത്തരത്തിൽ ശുചീകരിച്ച് പാകം ചെയ്താൽ ചൂരയിലെ പോഷകഗുണങ്ങൾ സുരക്ഷിതമായി ലഭിക്കുമെന്നും സ്ഥാപനം വ്യക്തമാക്കി.
Comments ()