ഗണേശോത്സവ അന്നദാനത്തിനിടെ വൻ ദുരന്തം; തിളച്ച സാമ്പാറിൽ വീണ് യുവതിക്ക് ദാരുണാന്ത്യം

സാമ്പാർ പാത്രം മാറ്റിവെക്കാൻ സഹായിക്കുന്നതിനിടെ സുജാത അബദ്ധത്തിൽ തിളയ്ക്കുന്ന സാമ്പാറിലേക്ക് വീഴുകയായിരുന്നു

ഗണേശോത്സവ അന്നദാനത്തിനിടെ വൻ ദുരന്തം; തിളച്ച സാമ്പാറിൽ വീണ് യുവതിക്ക് ദാരുണാന്ത്യം

ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ ഗണേശോത്സവത്തോട് അനുബന്ധിച്ചു നടന്ന അന്നദാന ചടങ്ങിനിടെ തിളച്ച സാമ്പാറിൽ വീണ് പൊള്ളലേറ്റ യുവതി ദാരുണമായി കൊല്ലപ്പെട്ടു. വിജയവാഡ സ്വദേശിയായ സുജാത (46) ആണ് തിങ്കളാഴ്ച രാവിലെയോടെ മരണത്തിന് കീഴടങ്ങിയത്. ഞായറാഴ്ച രാവിലെ ഭക്തർക്കായുള്ള ഭക്ഷണവിഭവങ്ങൾ ഒരുക്കുന്നതിനിടെ പാചകപ്പുരയിൽ വെച്ചായിരുന്നു അപകടം. വലിയ ചെമ്പ് സാമ്പാർ പാത്രം മാറ്റിവെക്കാൻ മറ്റൊരാളെ സഹായിക്കുന്നതിനിടെ സുജാത അബദ്ധത്തിൽ തിളയ്ക്കുന്ന സാമ്പാറിലേക്ക് വീഴുകയായിരുന്നു.

അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഗുരുതരമായി പൊള്ളലേറ്റ സുജാതയെ സംഘാടകരും നാട്ടുകാരും ചേർന്ന് ഉടനടി സമീപത്തെ ആശുപത്രിയിൽ എത്തിച്ച് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അപകടം നടന്ന സാഹചര്യങ്ങളെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.