പൂഴിമണ്ണ് ശേഖരണ അനുമതിക്ക് കൈക്കൂലി; കണ്ണൂരിൽ മൈനിംഗ് ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ

ഫയൽ നടപടികൾ വേഗത്തിലാക്കുന്നതിനും സൈറ്റ് ഇൻസ്പെക്ഷൻ നടത്തുന്നതിനുമായി 15,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതെന്നാണ് പരാതി

പൂഴിമണ്ണ് ശേഖരണ അനുമതിക്ക് കൈക്കൂലി; കണ്ണൂരിൽ മൈനിംഗ് ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ

കണ്ണൂർ: കൈക്കൂലി സ്വീകരിക്കുന്നതിനിടെ കണ്ണൂർ മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിലെ മിനറൽ റവന്യൂ ഇൻസ്പെക്ടറെ വിജിലൻസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. കുറ്റ്യേരി സ്വദേശിയായ പി.പി. ശ്രീധരനെയാണ് വിജിലൻസ് സംഘത്തിന്റെ കുടുക്കിൽ വീണത്.

ചെറുകുന്ന് സ്വദേശിയായ ഒരാൾ പൂഴിമണ്ണ് ശേഖരിച്ച് വിപണനം നടത്തുന്നതിനുള്ള അനുമതി ലഭിക്കാനായി കഴിഞ്ഞ വർഷം ജൂണിൽ മൈനിംഗ് ആൻഡ് ജിയോളജി ഓഫീസിൽ അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ അപേക്ഷ നൽകിയിട്ട് ഒരു വർഷം പിന്നിട്ടിട്ടും സ്ഥലപരിശോധന ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാകാതിരുന്നതോടെ അദ്ദേഹം വീണ്ടും ഓഫീസുമായി ബന്ധപ്പെട്ടു.

തുടർന്നാണ് ഫയൽ നടപടികൾ വേഗത്തിലാക്കുന്നതിനും സൈറ്റ് ഇൻസ്പെക്ഷൻ നടത്തുന്നതിനുമായി 15,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതെന്നാണ് പരാതി. പരാതിക്കാരൻ വിവരം വിജിലൻസിനെ അറിയിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥർ പ്രത്യേക പദ്ധതി തയ്യാറാക്കി.

പരാതിക്കാരനിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് പി.പി. ശ്രീധരനെ വിജിലൻസ് സംഘം കൈയോടെ പിടികൂടിയത്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും നിയമനടപടികൾ തുടരുമെന്നും വിജിലൻസ് അധികൃതർ അറിയിച്ചു.