തകർന്ന റോഡ് കവർന്നത് മലയാളി യുവതിയുടെ ജീവൻ; ഇലക്ട്രോണിക് സിറ്റിയിൽ പ്രതിഷേധം ശക്തം
കോഴിക്കോട് ബാലുശ്ശേരി സ്വദേശിയും ഇലക്ട്രോണിക് സിറ്റി പി.എഫ്. ഓഫീസ് ജീവനക്കാരിയുമായ മേധയാണ് അപകടത്തിൽ മരിച്ചത്
ബംഗളൂരു: മോശം റോഡിനെ തുടർന്ന് വാഹനാപകടത്തിൽ മലയാളി യുവതി മരിച്ച സംഭവത്തിൽ ബംഗളൂരുവിലെ ഇലക്ട്രോണിക് സിറ്റിയിൽ പ്രതിഷേധം ശക്തമായി. കോഴിക്കോട് ബാലുശ്ശേരി സ്വദേശിയും ഇലക്ട്രോണിക് സിറ്റി പി.എഫ്. ഓഫീസ് ജീവനക്കാരിയുമായ മേധയാണ് അപകടത്തിൽ മരിച്ചത്.
അനന്തനഗറിൽ ബുധനാഴ്ച രാവിലെയായിരുന്നു അപകടം. സുഹൃത്തിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ മുന്നിലുണ്ടായിരുന്ന കാർ പെട്ടെന്ന് ബ്രേക്ക് ചെയ്തതോടെ മേധയ്ക്കും സുഹൃത്തിനും ബൈക്ക് നിർത്തേണ്ടിവന്നു. എന്നാൽ റോഡ് തകർന്നുകിടന്നിരുന്നതിനാൽ ബ്രേക്ക് ചെയ്തതോടെ ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ഇരുവരും റോഡിലേക്ക് വീഴുകയായിരുന്നു.
ഇതിനിടെ പിന്നാലെ എത്തിയ ഗുഡ്സ് വാഹനം മേധയുടെ ശരീരത്തിലൂടെ കയറിയിറങ്ങി. ഗുരുതരമായി പരിക്കേറ്റ മേധ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.
അപകടത്തിന് പിന്നാലെ പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തി. റോഡിന്റെ ശോച്യാവസ്ഥയാണ് അപകടത്തിന് കാരണമായതെന്നും അധികൃതരുടെ അനാസ്ഥയാണ് മേധയുടെ മരണത്തിലേക്ക് നയിച്ചതെന്നും നാട്ടുകാർ ആരോപിച്ചു. മേധയുടെ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നും തകർന്ന റോഡുകൾ അടിയന്തരമായി അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
പ്രതിഷേധത്തിനിടെ സ്ഥലത്തെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞുവച്ചു. തുടർന്ന് പൊലീസ് ഇടപെട്ടാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്.
റോഡിന്റെ അറ്റകുറ്റപ്പണികൾ ഒരാഴ്ചയ്ക്കുള്ളിൽ താൽക്കാലികമായി പൂർത്തിയാക്കി ഗതാഗതം സുഗമമാക്കുമെന്ന് അധികൃതർ ഉറപ്പ് നൽകി. അനന്തനഗറിൽ നിലവിൽ ഓട നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഈ ജോലികൾ പൂർത്തിയായ ശേഷം റോഡ് പൂർണമായും പുനർനിർമിക്കുമെന്നും അധികൃതർ അറിയിച്ചു.
Comments ()