സർക്കാർ ഉറപ്പുകൾ പാലിച്ചില്ലെന്ന് ആരോപണം;സിജെപി വീണ്ടും സമരപാതയിൽ, കേന്ദ്രത്തിനെതിരെ പ്രക്ഷോഭം ശക്തമാക്കാൻ നീക്കം

എഫ്ഐആറുകളുടെ വിവരങ്ങൾ സമർപ്പിക്കാൻ സുപ്രീംകോടതി നിർദേശിച്ചിട്ടും കേന്ദ്രം ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ലെന്ന് സിജെപി ചൂണ്ടിക്കാട്ടുന്നു. യുവാക്കൾക്ക് നൽകിയ വാഗ്ദാനങ്ങൾ പൂർണമായി നടപ്പാക്കണമെന്ന ആവശ്യവും സംഘടന ആവർത്തിച്ചു

സർക്കാർ ഉറപ്പുകൾ പാലിച്ചില്ലെന്ന് ആരോപണം;സിജെപി വീണ്ടും സമരപാതയിൽ, കേന്ദ്രത്തിനെതിരെ പ്രക്ഷോഭം ശക്തമാക്കാൻ നീക്കം

ദില്ലി: ജന്തർമന്തർ പ്രതിഷേധത്തിന് പിന്നാലെ കേന്ദ്ര സർക്കാരിനെതിരായ പ്രക്ഷോഭം കൂടുതൽ ശക്തമാക്കാനുള്ള നീക്കവുമായി സിജെപി. തുടർസമരത്തിന്റെ രൂപവും രീതിയും സംബന്ധിച്ച് ഇന്ന് ചേരുന്ന നിർണായക യോഗത്തിൽ തീരുമാനമെടുക്കും. ഉച്ചയ്ക്ക് രണ്ടിന് ഓൺലൈനായാണ് യോഗം.

ജന്തർമന്തറിൽ പ്രതിഷേധം അവസാനിപ്പിക്കുന്ന സമയത്ത് കേന്ദ്ര സർക്കാർ നൽകിയ ഉറപ്പുകൾ പാലിച്ചിട്ടില്ലെന്നാണ് സിജെപിയുടെ ആരോപണം. പ്രതിഷേധക്കാർക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആറുകൾ പിൻവലിക്കണമെന്നും ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകണമെന്നും ആവശ്യപ്പെട്ടാണ് നേരത്തെ സമരം അവസാനിപ്പിച്ചത്.

എന്നാൽ എഫ്ഐആറുകളുടെ വിവരങ്ങൾ സമർപ്പിക്കാൻ സുപ്രീംകോടതി നിർദേശിച്ചിട്ടും കേന്ദ്രം ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ലെന്ന് സിജെപി ചൂണ്ടിക്കാട്ടുന്നു. യുവാക്കൾക്ക് നൽകിയ വാഗ്ദാനങ്ങൾ പൂർണമായി നടപ്പാക്കണമെന്ന ആവശ്യവും സംഘടന ആവർത്തിച്ചു.

സർക്കാർ സ്കൂളുകളുടെ അവസ്ഥയും ചർച്ചയാകും

വന്ദേമാതരം സംബന്ധിച്ച വിവാദങ്ങൾക്ക് പകരം രാജ്യത്തെ സർക്കാർ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങളുടെയും വിദ്യാഭ്യാസ നിലവാരത്തിന്റെയും പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ചുചേർക്കണമെന്ന ആവശ്യവും സിജെപി ഉന്നയിക്കുന്നുണ്ട്.

‘സ്കൂൾ ഠീക് കരോ’ ക്യാമ്പയിന്റെ ഭാഗമായി പ്രവർത്തിച്ച പാർട്ടി അംഗങ്ങളെ ആക്രമിച്ച ബിജെപി പ്രവർത്തകർക്കെതിരെ കേസെടുക്കാത്തതിലും പ്രതിഷേധം ശക്തമാക്കാനാണ് നീക്കം.

ജന്തർമന്തർ സമരത്തിനിടെ പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റവർക്ക് നിയമസഹായം നൽകുന്നതടക്കമുള്ള കോൺഗ്രസിന്റെ ഇടപെടലുകളും ഇന്നത്തെ യോഗത്തിൽ ചർച്ചയായേക്കും. ബിജെപിയുടെ ജനകീയ പ്രചാരണങ്ങൾക്ക് ബദലായി പുതിയ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുന്നതിനെക്കുറിച്ചും തീരുമാനമുണ്ടാകുമെന്നാണ് സൂചന.