കാന്സര് ഉള്പ്പെടെ ജീവന്രക്ഷാ മരുന്നുകളുടെ വില കുത്തനെ കുറച്ചേക്കും, നിർണായക തീരുമാനമെടുത്ത് കേന്ദ്രസർക്കാർ
നടപടി സുപ്രീം കോടതി നിർദേശപ്രകാരം
ന്യൂഡല്ഹി: സുപ്രീം കോടതിയുടെ കടുത്ത വിമർശനത്തിന് പിന്നാലെ, കാൻസർ ഉൾപ്പെടെയുള്ള ജീവൻരക്ഷാ മരുന്നുകളുടെ വില കുത്തനെ കുറയ്ക്കാൻ കേന്ദ്ര സർക്കാർ നടപടി തുടങ്ങി. പേറ്റന്റുള്ളവ ഉൾപ്പെടെയുള്ള മരുന്നുകളുടെ വ്യാപാര ലാഭവിഹിതം (ട്രേഡ് മാർജിൻ) 30 ശതമാനമായി പരിമിതപ്പെടുത്താനാണ് സർക്കാറിന്റെ നീക്കം. വിതരണക്കാർക്ക് നൽകുന്ന തുകയ്ക്ക് മുകളിലുള്ള മാർജിൻ പരിമിതപ്പെടുത്തുന്നതോടെ ജീവൻരക്ഷാ മരുന്നുകൾക്ക് 70 ശതമാനം വരെ വില കുറയും.
മരുന്നുകൾക്ക് കമ്പനികൾ പത്തിരട്ടിയോളം തുക ഈടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി വിഷയത്തിൽ രൂക്ഷവിമർശനം ഉന്നയിച്ചത്. 2,700 രൂപ മാത്രം വിലയുള്ള മരുന്നിന് 27,000 രൂപ വരെ ഈടാക്കിയ സംഭവം കോടതി ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്നാണ് അടിയന്തര ഇടപെടലിന് കേന്ദ്ര സർക്കാർ നിർബന്ധിതരായത്. 2019-ൽ 42 കാൻസർ മരുന്നുകളുടെ ലാഭവിഹിതം പരിമിതപ്പെടുത്തി നടപ്പാക്കിയ പൈലറ്റ് പദ്ധതിയുടെ വിപുലീകരണമാണ് പുതിയ തീരുമാനം. ഉയർന്ന വിലയുള്ള മരുന്നുകളിൽ ചെറിയൊരു ശതമാനം മാർജിൻ കുറയ്ക്കുന്നത് പോലും രോഗികളുടെ സാമ്പത്തിക ഭാരം വലിയ അളവിൽ ലഘൂകരിക്കും.
തീരുമാനം നടപ്പിലാക്കുന്നതിനായി വില നിയന്ത്രണത്തിൽ ഉൾപ്പെടുത്തേണ്ട മരുന്നുകളുടെ പട്ടിക ഡയറക്ടർ ജനറൽ ഓഫ് ഹെൽത്ത് സർവീസസിന്റെ (DGHS) നേതൃത്വത്തിലുള്ള സമിതി തയ്യാറാക്കി വരികയാണ്. ഇന്ത്യയിൽ കാൻസർ ചികിത്സയ്ക്കായി അംഗീകരിക്കപ്പെട്ടിട്ടുള്ളതും വ്യാപകമായി ഉപയോഗിക്കുന്നതുമായ മരുന്നുകളാണ് പട്ടികയിൽ ഉൾപ്പെടുക. അടുത്ത 10 ദിവസത്തിനുള്ളിൽ പുതിയ നിർദ്ദേശം പ്രാബല്യത്തിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം, കുറഞ്ഞ വിലയുള്ള മരുന്നുകൾക്കും 30 ശതമാനം ലാഭവിഹിത പരിധി ഏർപ്പെടുത്തിയാൽ അത്തരം മരുന്നുകൾ വിപണിയിലെത്തിക്കാൻ കമ്പനികൾ താല്പര്യം കാണിക്കാതിരുന്നേക്കുമെന്ന ആശങ്കയും വിപണി വിദഗ്ധർ പങ്കുവെക്കുന്നുണ്ട്.
Comments ()