തിരുവനന്തപുരത്ത് അമിതവേഗതയിലെത്തിയ കാറിടിച്ച് വയോധികൻ മരിച്ചു

വിതുരയില്‍ നിന്നും പൊന്മുടിയിലേക്ക് പോകുന്ന പാതയിൽ ചേന്നന്‍പാറ വൈഎംസിഎ ലൈബ്രറിയ്ക്ക് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്.

തിരുവനന്തപുരത്ത് അമിതവേഗതയിലെത്തിയ കാറിടിച്ച് വയോധികൻ മരിച്ചു

തിരുവനന്തപുരം: തലസ്ഥാനത്ത് അമിതവേഗതയിലെത്തിയ കാറിടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം. ചാരുപറ സ്വദേശി വേണു നായിഡു (75) ആണ് മരിച്ചത്. വിതുര-പൊന്മുടി പാതയിൽ ചേന്നൻപാറ വൈ.എം.സി.എ ലൈബ്രറിയ്ക്ക് സമീപത്തുവെച്ചായിരുന്നു അപകടം.

വൈകീട്ട് നാല് മണിയോടെ റോഡ് മുറിച്ചുകടന്ന് ഇടതുവശം ചേർന്ന് നടന്നുപോവുകയായിരുന്ന വേണുവിനെ വേഗതയിലെത്തിയ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തിന് ശേഷം കാർ നിർത്താതെ ഓടിച്ചുപോയി. ഇടിച്ച കാർ വിതുര പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ചുവന്ന നിറത്തിലുള്ള സ്വിഫ്റ്റ് കാറാണ് അപകടമുണ്ടാക്കിയത്. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ മൂന്ന് യുവാക്കളാണ് കാറിലുണ്ടായിരുന്നതെന്നാണ് പോലീസിന് ലഭിച്ച പ്രാഥമിക വിവരം. ഇയാളെയും വാഹനത്തെയും കസ്റ്റഡിയിലെടുക്കാനുള്ള നടപടികൾ പോലീസ് ആരംഭിച്ചു.

ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ വേണുവിനെ പിന്നാലെയെത്തിയ യാത്രക്കാരാണ് ആശുപത്രിയിലെത്തിച്ചതെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നിലവിൽ വിതുര താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സ്ഥിരമായി അപകടങ്ങൾ നടക്കുന്ന മേഖലയാണിതെന്നും, എട്ടോളം അപകട മുന്നറിയിപ്പ് ബോർഡുകൾ പോലീസ് ഇവിടെ സ്ഥാപിച്ചിട്ടുണ്ടെന്നും നാട്ടുകാർ പറഞ്ഞു.