ഡെലിവറി കഴിഞ്ഞ് പുറത്തിറക്കവെ പുതിയ കാർ നിയന്ത്രണംവിട്ട് പാഞ്ഞുകയറി; സ്കൂട്ടർ തകർന്നു, രണ്ടുപേർക്ക് പരിക്ക്

അപകടത്തിൽ ഇരുചക്രവാഹന യാത്രക്കാർക്ക് പരിക്കേറ്റു

ഡെലിവറി കഴിഞ്ഞ് പുറത്തിറക്കവെ പുതിയ കാർ നിയന്ത്രണംവിട്ട് പാഞ്ഞുകയറി; സ്കൂട്ടർ തകർന്നു, രണ്ടുപേർക്ക് പരിക്ക്

ശിവമൊഗ്ഗ: ഡെലിവറി ചടങ്ങുകൾ കഴിഞ്ഞ് ഷോറൂമിൽനിന്ന് റോഡിലേക്ക് ഇറക്കുന്നതിനിടെ പുതുതായി വാങ്ങിയ കാർ നിയന്ത്രണംവിട്ട് ഇരുചക്രവാഹനത്തിലിടിച്ച് അപകടം. അപകടത്തിൽ ഇരുചക്രവാഹനത്തിലുണ്ടായിരുന്ന യാത്രക്കാർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ ശിവമൊഗ്ഗ സാഗറിലെ ഗവ. കോളേജിന് സമീപമുള്ള കാർ ഷോറൂമിന് മുന്നിലായിരുന്നു സംഭവം.

ഒരു കുടുംബം പുതിയതായി വാങ്ങിയ കാറാണ് അപകടത്തിൽപ്പെട്ടത്. ഷോറൂമിൽനിന്നും പുറത്തേക്ക് എടുക്കുന്നതിനിടെ പെട്ടെന്ന് നിയന്ത്രണംവിട്ട് കുതിച്ചുപാഞ്ഞ കാർ, മുന്നിലെ കൈവരി തകർത്ത് തിരക്കേറിയ ദേശീയപാതയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. തുടർന്ന് റോഡിലൂടെ വരികയായിരുന്ന ഇരുചക്രവാഹനത്തെ ഇടിച്ചുതെറിപ്പിച്ച ശേഷം സമീപത്തെ ഡിവൈഡറിലിടിച്ചാണ് കാർ നിന്നത്.

അപകടത്തിൽ ഇരുചക്രവാഹനം പൂർണമായും തകർന്നു. പരിക്കേറ്റവരെ ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവർ അബദ്ധത്തിൽ ആക്സിലറേറ്റർ അമർത്തിയതാണ് കാർ പെട്ടെന്ന് നിയന്ത്രണംവിട്ട് കുതിക്കാൻ കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.