അൻസിബ ഹസന്റെ പരാതിയിൽ കേസ്; മുൻകൂർ ജാമ്യാപേക്ഷയുമായി ടിനി ടോം
തനിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നും, മതവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉന്നയിച്ച് അധിക്ഷേപിച്ചെന്നും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ സംസാരിച്ചെന്നുമാണ് അൻസിബയുടെ പരാതിയിൽ പറയുന്നത്
കൊച്ചി: നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യം ആവശ്യപ്പെട്ട് നടൻ ടിനി ടോം എറണാകുളം സെഷൻസ് കോടതിയെ സമീപിച്ചു. കടവന്ത്ര പൊലീസ് എടുത്ത കേസിലാണ് ടിനി ടോം ജാമ്യാപേക്ഷ സമർപ്പിച്ചത്.
തനിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നും, മതവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉന്നയിച്ച് അധിക്ഷേപിച്ചെന്നും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ സംസാരിച്ചെന്നുമാണ് അൻസിബയുടെ പരാതിയിൽ പറയുന്നത്.
പരാതിയുടെ അടിസ്ഥാനത്തിൽ കോടതി നിർദേശത്തെ തുടർന്നാണ് കടവന്ത്ര പൊലീസ് ടിനി ടോമിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. സ്ത്രീകളോടുള്ള മോശം പെരുമാറ്റം, ലൈംഗിക ചുവയുള്ള പരാമർശങ്ങൾ, അശ്ലീല പരാമർശങ്ങൾ, മതസ്പർധ വളർത്തൽ, മതവികാരം വ്രണപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളാണ് കേസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ മാസം 30നാണ് അൻസിബയുടെ പരാതിയിൽ കേസ് എടുക്കാൻ എറണാകുളം ജില്ലാ സെഷൻസ് കോടതി പൊലീസിന് നിർദേശം നൽകിയത്. മുൻകൂർ ജാമ്യാപേക്ഷയിൽ പൊലീസ് റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും ഹർജിയിൽ തുടർനടപടി സ്വീകരിക്കുക.
Comments ()