പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചു കൊന്ന കേസ്: തെളിവെടുപ്പിനിടെ നാടകീയ രംഗങ്ങൾ, പ്രതിയെ വെടിവെച്ചുകൊന്ന് പൊലീസ്
വെടിയേറ്റ പ്രഭാഷിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
കൊല്‍ക്കത്ത: ബാരുയിപൂരില്‍ പന്ത്രണ്ടുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പ്രഭാഷ് മണ്ഡല്‍ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ബുധനാഴ്ച പുലര്‍ച്ചെ കുറ്റകൃത്യം നടന്ന സ്ഥലത്ത് തെളിവെടുപ്പിനായി എത്തിച്ചപ്പോഴാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. തെളിവെടുപ്പിനിടെ പ്രതി പൊലീസിന്റെ തോക്ക് തട്ടിയെടുത്ത് അന്വേഷണസംഘത്തിന് നേരെ വെടിയുതിര്‍ക്കാന്‍ ശ്രമിച്ചെന്നും, തുടന്ന് സ്വയംരക്ഷാര്‍ത്ഥം തിരിച്ചു വെടിവെക്കുകയായിരുന്നു എന്നുമാണ് ബാരുയിപൂര്‍ എസ്.പി അറിയിച്ചത്. വെടിയേറ്റ പ്രഭാഷിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് പന്ത്രണ്ടുകാരി ക്രൂരമായ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടത്. ഞായറാഴ്ച കുളത്തില്‍ നിന്ന് കണ്ടെത്തിയ പെണ്‍കുട്ടിയുടെ മൃതദേഹത്തില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. കുട്ടിയെ ജീവനോടെയാണ് കുളത്തിലേക്ക് എറിഞ്ഞതെന്ന് ശ്വാസകോശത്തില്‍ കണ്ടെത്തിയ ചെളിമണ്ണടങ്ങിയ വെള്ളം വ്യക്തമാക്കുന്നു. കടുത്ത രക്തസ്രാവവും മുങ്ങിമരണവുമാണ് മരണകാരണമെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം.
പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളിലടക്കം ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകളും പൊള്ളലേറ്റ അടയാളങ്ങളും തലയുടെ പിന്‍ഭാഗത്ത് ശക്തമായ ആഘാതവുമുണ്ടായിരുന്നു. കേസുമായി ബന്ധപ്പെട്ട് പ്രഭാസ് മണ്ഡലിനെക്കൂടാതെ മറ്റ് രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു പ്രതിയെ കഴിഞ്ഞ ഞായറാഴ്ച ജനക്കൂട്ടം തല്ലിക്കൊന്നിരുന്നു. പ്രതികള്‍ക്കെതിരെ കൂട്ടബലാത്സംഗം, കൊലപാതകം, പോക്‌സോ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
Comments ()