ജാതിയുടെ പേരിൽ ചികിത്സ നിഷേധിച്ചു, ആശുപത്രിക്ക് പുറത്ത് പ്രസവിച്ച് യുവതി

പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിയ യുവതിയോട് ജീവനക്കാർ മോശമായി പെരുമാറുകയും ചികിത്സ നൽകാതെ മടക്കി അയയ്ക്കുകയും ചെയ്തതായി കുടുംബം പറയുന്നു

ജാതിയുടെ പേരിൽ ചികിത്സ നിഷേധിച്ചു, ആശുപത്രിക്ക് പുറത്ത് പ്രസവിച്ച് യുവതി

ഭദോഹി: ഉത്തർപ്രദേശിലെ ഭദോഹിയിൽ ആശുപത്രിയിലെത്തിയ 20കാരിക്ക് ചികിത്സ ലഭിക്കാതെ റോഡരികിൽ പ്രസവിക്കേണ്ടിവന്ന സംഭവത്തിൽ നടപടി. മഹാരാജ ചേത് സിങ് ഗവൺമെന്റ് ആശുപത്രിക്ക് മുന്നിലാണ് യുവതി കുഞ്ഞിന് ജന്മം നൽകിയത്. മുസഹർ സമുദായത്തിൽപ്പെട്ടതിനാൽ ആശുപത്രി ജീവനക്കാർ പ്രസവചികിത്സ നിഷേധിച്ചെന്നാണ് കുടുംബത്തിന്റെ ആരോപണം.

പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിയ യുവതിയോട് ജീവനക്കാർ മോശമായി പെരുമാറുകയും ചികിത്സ നൽകാതെ മടക്കി അയയ്ക്കുകയും ചെയ്തതായി കുടുംബം പറയുന്നു. ഇതിനുപിന്നാലെയാണ് ആശുപത്രിക്ക് സമീപത്തെ റോഡരികിൽ യുവതി പ്രസവിച്ചത്. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാരും വഴിയാത്രക്കാരും ചേർന്ന് അമ്മയ്ക്കും നവജാതശിശുവിനും അടിയന്തര സഹായം നൽകി.

വിവരം ലഭിച്ചതോടെ പൊലീസ് സ്ഥലത്തെത്തി ഇരുവരെയും ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. തുടർന്ന് സംഭവത്തിൽ വ്യാപക പ്രതിഷേധമുയർന്നു. ചികിത്സ നിഷേധിച്ചതിന് പിന്നിൽ ജാതിവിവേചനമുണ്ടായിരുന്നെന്ന ആരോപണം ശക്തമായതോടെ ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ സർവീസിൽനിന്ന് നീക്കി. സംഭവത്തിൽ ഉത്തരവാദികളായ ജീവനക്കാരെ കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച സംബന്ധിച്ച് വകുപ്പ് തല അന്വേഷണത്തിനും ഉത്തരവിട്ടു. സംഭവത്തിനെതിരെ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികളും സാമൂഹിക പ്രവർത്തകരും രംഗത്തെത്തി. അടിയന്തര ചികിത്സ ലഭിക്കേണ്ട ആരോഗ്യസ്ഥാപനത്തിൽ തന്നെ ജാതിയുടെ പേരിൽ രോഗിക്ക് സേവനം നിഷേധിച്ചെന്ന ആരോപണം ഗൗരവത്തോടെ അന്വേഷിക്കണമെന്നാണ് ആവശ്യം.