ചക്കക്കൊമ്പനെ റേഡിയോ കോളർ ഘടിപ്പിക്കാനുള്ള ദൗത്യം നീളുന്നു; വെല്ലുവിളിയായി ഭൂപ്രകൃതി

ഇതോടെ ഓപ്പറേഷൻ ചക്കക്കൊമ്പൻ താൽക്കാലികമായി നിർത്തിവെച്ചു. ഉച്ചവരെ ദൗത്യം മാറ്റിവെച്ചിരിക്കുകയാണ്. ആനയെ അനുയോജ്യമായ മറ്റൊരു സ്ഥലത്തേക്ക് എത്തിക്കാനാണ് ഇപ്പോൾ ശ്രമം

ചക്കക്കൊമ്പനെ റേഡിയോ കോളർ ഘടിപ്പിക്കാനുള്ള ദൗത്യം നീളുന്നു; വെല്ലുവിളിയായി ഭൂപ്രകൃതി

ഇടുക്കി: ചക്കക്കൊമ്പനെ മയക്കുവെടിവെച്ച് റേഡിയോ കോളർ ഘടിപ്പിക്കാനുള്ള വനംവകുപ്പിന്റെ ദൗത്യത്തിന് തടസ്സമായി ഭൂപ്രകൃതി. ആന നിലവിൽ നിലയുറപ്പിച്ചിരിക്കുന്ന ഈട്ടിത്തേരി മയക്കുവെടി പ്രയോഗിക്കാൻ സുരക്ഷിതമല്ലാത്ത പ്രദേശമാണെന്നാണ് ദൗത്യസംഘത്തിന്റെ വിലയിരുത്തൽ. ഇതോടെ ഓപ്പറേഷൻ ചക്കക്കൊമ്പൻ താൽക്കാലികമായി നിർത്തിവെച്ചു. ഉച്ചവരെ ദൗത്യം മാറ്റിവെച്ചിരിക്കുകയാണ്. ആനയെ അനുയോജ്യമായ മറ്റൊരു സ്ഥലത്തേക്ക് എത്തിക്കാനാണ് ഇപ്പോൾ ശ്രമം.

മയക്കുവെടി പ്രയോഗിക്കാൻ അനുയോജ്യമായ 301 കോളനിയിലേക്കോ സമീപ പ്രദേശങ്ങളിലേക്കോ ചക്കക്കൊമ്പനെ മാറ്റാനാണ് ആർആർടി സംഘം ശ്രമിക്കുന്നത്. ഇതിനായി മുത്തങ്ങയിൽനിന്ന് എത്തിച്ച വിക്രം, ഭരത് എന്നീ കുങ്കിയാനകളും നൂറംഗ ദൗത്യസംഘവും സജ്ജമാണ്. സംഘത്തിൽ അഞ്ച് വെറ്ററിനറി ഡോക്ടർമാരും 15 ട്രാക്കർമാരുമുണ്ട്. റേഡിയോ കോളർ ഉൾപ്പെടെയുള്ള ആവശ്യമായ ഉപകരണങ്ങൾ അധികമായി രണ്ടെണ്ണം വീതം കരുതിയിട്ടുണ്ട്. ദൗത്യത്തിന് അനുയോജ്യമായ അഞ്ച് നിരപ്പായ സ്ഥലങ്ങളും സംഘം കണ്ടെത്തിയിട്ടുണ്ട്. ഇവിടേക്ക് ആനയെ എത്തിച്ചാൽ മയക്കുവെടി പ്രയോഗിക്കും.

മയക്കുവെടിയേറ്റാൽ ഏകദേശം മൂന്ന് മിനിറ്റിനുള്ളിൽ ആന മയങ്ങിത്തുടങ്ങുമെന്നാണ് കണക്കുകൂട്ടൽ. പൂർണമായി മയങ്ങിയെന്ന് ഉറപ്പാക്കിയ ശേഷമായിരിക്കും കുങ്കിയാനകളുടെ സഹായത്തോടെ ചക്കക്കൊമ്പന്റെ കഴുത്തിൽ റേഡിയോ കോളർ ഘടിപ്പിക്കുക. അരിക്കൊമ്പന് നേരത്തെ ഘടിപ്പിച്ച 10 കിലോ ഭാരമുള്ള കോളറിനെ അപേക്ഷിച്ച് അഞ്ച് കിലോ മാത്രം ഭാരമുള്ള ആധുനിക റേഡിയോ കോളറാണ് ചക്കക്കൊമ്പനായി എത്തിച്ചിരിക്കുന്നത്. അഞ്ച് മുതൽ ഏഴ് വർഷം വരെയാണ് ഇതിന്റെ ബാറ്ററി കാലാവധി. ജിപിഎസ്, റേഡിയോ സിഗ്നലുകൾ എന്നിവയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന സംവിധാനത്തിൽനിന്നുള്ള വിവരങ്ങൾ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (സിസിഎഫ്), രണ്ട് റേഞ്ച് ഓഫീസർമാർ, ഡിഎഫ്ഒ എന്നിവർക്ക് തത്സമയം ലഭിക്കും. സാഹചര്യം അനുകൂലമായാൽ ദൗത്യം വീണ്ടും ആരംഭിക്കാനാണ് വനംവകുപ്പിന്റെ തീരുമാനം.