70,000 കോടിയുടെ നഷ്ടക്കണക്ക്; ചന്ദ്രശേഖരന് പിന്നാലെ ടാറ്റാ സണ്‍സില്‍ പുതിയ ചെയര്‍മാനെ തേടുന്നു
നിലവിലെ ചെയർമാൻ എൻ. ചന്ദ്രശേഖരൻ മൂന്നാം തവണയും സ്ഥാനത്ത് തുടരാനില്ലെന്ന് വ്യക്തമാക്കിയതോടെയാണ് ടാറ്റാ ഗ്രൂപ്പിൽ പുതിയ നേതൃത്വത്തിനായുള്ള നടപടികൾ തുടങ്ങിയത്
മുംബൈ: ടാറ്റാ സൺസിന്റെ അടുത്ത ചെയർമാനെ കണ്ടെത്താനുള്ള നീക്കങ്ങൾ ആരംഭിച്ചു. നിലവിലെ ചെയർമാൻ എൻ. ചന്ദ്രശേഖരൻ മൂന്നാം തവണയും സ്ഥാനത്ത് തുടരാനില്ലെന്ന് വ്യക്തമാക്കിയതോടെയാണ് ടാറ്റാ ഗ്രൂപ്പിൽ പുതിയ നേതൃത്വത്തിനായുള്ള നടപടികൾ തുടങ്ങിയത്. പിൻഗാമിയെ തിരഞ്ഞെടുക്കുന്നതിനായി സെലക്ഷൻ കമ്മിറ്റി രൂപീകരിക്കാൻ സർ ദൊറാബ്ജി ടാറ്റാ ട്രസ്റ്റ് തീരുമാനിച്ചു.
ചന്ദ്രശേഖരന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത ട്രസ്റ്റ്, ടാറ്റാ സൺസിനും ഗ്രൂപ്പിനും അദ്ദേഹം നൽകിയ ദീർഘകാല നേതൃത്വത്തെ അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു. ഏകദേശം ഒരു ദശാബ്ദത്തോളം ടാറ്റാ ഗ്രൂപ്പിന്റെ തലപ്പത്ത് പ്രവർത്തിച്ച ചന്ദ്രശേഖരന്റെ കാലയളവിൽ പരമ്പരാഗത ബിസിനസുകൾക്കൊപ്പം നിരവധി പുതിയ മേഖലകളിലേക്കും ഗ്രൂപ്പ് വ്യാപിച്ചു.
എന്നാൽ പുതിയ ചെയർമാനെ കാത്തിരിക്കുന്നത് വലിയ സാമ്പത്തിക ഉത്തരവാദിത്തങ്ങളാണ്. ചന്ദ്രശേഖരന്റെ രണ്ടാം കാലയളവിൽ ഗ്രൂപ്പിലെ ആറ് കമ്പനികൾ ചേർന്ന് ഏകദേശം 70,000 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയെന്നാണ് പുറത്തുവന്ന കണക്കുകൾ. ഈ കണക്കിൽ ഏറ്റവും വലിയ തിരിച്ചടി നേരിട്ടത് എയർ ഇന്ത്യയ്ക്കാണ്.
ഈ ആറ് കമ്പനികളുടെ നഷ്ടത്തിൽ ഭൂരിഭാഗവും എയർ ഇന്ത്യയുടെയും ടാറ്റാ ഡിജിറ്റലിന്റെയും ഭാഗത്തുനിന്നാണ്. ഇരു കമ്പനികളും ചേർന്ന് 61,083 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയതെന്നാണ് കണക്കുകൾ. ആകെ നഷ്ടത്തിന്റെ 89 ശതമാനത്തോളം വരുമിത്.
എയർ ഇന്ത്യ ഏറ്റെടുത്തതും സെമികണ്ടക്ടർ, ഇലക്ട്രോണിക്സ്, ബാറ്ററി, ഡിജിറ്റൽ മേഖലകളിൽ വൻ നിക്ഷേപങ്ങൾ നടത്തിയതും ചന്ദ്രശേഖരന്റെ കാലത്തെ പ്രധാന നീക്കങ്ങളായിരുന്നു. ഈ പുതിയ സംരംഭങ്ങൾ വരുമാനം നൽകുന്ന ഘട്ടത്തിലേക്ക് എത്തിക്കുക എന്നത് അടുത്ത ചെയർമാന്റെ ഏറ്റവും വലിയ പരീക്ഷണങ്ങളിലൊന്നാകും.
പ്രത്യേകിച്ച് എയർ ഇന്ത്യയുടെ പ്രവർത്തനക്ഷമത മെച്ചപ്പെടുത്തി ലാഭത്തിലേക്ക് എത്തിക്കുക, ടാറ്റാ ഡിജിറ്റലിന്റെ ബിസിനസ് സാധ്യതകൾ പ്രയോജനപ്പെടുത്തുക, സെമികണ്ടക്ടർ പദ്ധതികൾ മുന്നോട്ട് കൊണ്ടുപോകുക എന്നിവയ്ക്ക് പുതിയ നേതൃത്വം മുൻഗണന നൽകേണ്ടിവരും. ഇതിനൊപ്പം ടിസിഎസ്, ടാറ്റാ മോട്ടോഴ്‌സ്, ടൈറ്റൻ തുടങ്ങിയ ഗ്രൂപ്പിന്റെ പ്രധാന വരുമാന സ്രോതസുകളുടെ ശക്തി നിലനിർത്തുകയും വേണം.
ടാറ്റാ ഗ്രൂപ്പിന്റെ വിവിധ വിഭാഗങ്ങൾ തമ്മിലുള്ള ഏകോപനം ഉറപ്പാക്കുന്നതും പുതിയ ചെയർമാന്റെ മറ്റൊരു പ്രധാന ദൗത്യമായിരിക്കും. നേതൃത്വനിരയിലെ അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിച്ച് ബോർഡിൽ കൂടുതൽ ഏകോപനം ഉറപ്പാക്കേണ്ടതും പുതിയ നിയമനത്തെ നിർണായകമാക്കുന്ന ഘടകമാണ്.
ഇനി സെലക്ഷൻ കമ്മിറ്റി മുന്നോട്ടുവയ്ക്കുന്ന പേരുകളിൽ നിന്ന് ടാറ്റാ ട്രസ്റ്റിന്റെ നേതൃത്വത്തിൽ പുതിയ ചെയർമാനെ തിരഞ്ഞെടുക്കാനാണ് നീക്കം. ടാറ്റാ ഗ്രൂപ്പിന്റെ അടുത്ത വളർച്ചാ ഘട്ടത്തിന് ദിശനൽകുന്ന നിർണായക നിയമനമായിരിക്കും ഇത്.
Comments ()