തമിഴ്‌നാട് സർക്കാരിന്റെ 'തായ്‌മാമൻ തങ്ക മോതിരം' പദ്ധതി: കരാർ ജോയ് ആലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും

ആദ്യഘട്ടത്തിൽ ഏകദേശം 4,41,667 ഒരു ഗ്രാം സ്വർണമോതിരങ്ങളാണ് വിതരണം ചെയ്യുന്നത്.

തമിഴ്‌നാട് സർക്കാരിന്റെ 'തായ്‌മാമൻ തങ്ക മോതിരം' പദ്ധതി: കരാർ ജോയ് ആലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും

തമിഴ്‌നാട് സർക്കാരിന്റെ പ്രമുഖ ക്ഷേമപദ്ധതിയായ 'തായ്‌മാമൻ തങ്ക മോതിരം' പദ്ധതിക്കായി സ്വർണമോതിരം വിതരണം ചെയ്യാനുള്ള ടെൻഡറിൽ ഏറ്റവും കുറഞ്ഞ തുക (L1) രേഖപ്പെടുത്തി ജോയ് ആലുക്കാസ് കരാർ സ്വന്തമാക്കി. സർക്കാർ ആശുപത്രികളിലും ആരോഗ്യകേന്ദ്രങ്ങളിലും ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ഒരു ഗ്രാം വീതം 22 കാരറ്റ് (916 പരിശുദ്ധി) സ്വർണമോതിരം നൽകുന്നതാണ് ഈ പദ്ധതി. ആദ്യഘട്ടത്തിൽ ഏകദേശം 4,41,667 മോതിരങ്ങളാണ് വിതരണം ചെയ്യുന്നത്. സ്വർണത്തിന്റെ യഥാർഥ വിലയ്ക്ക് പുറമെ നിർമാണം, വേസ്റ്റ്, ഹാൾമാർക്കിങ്, പാക്കിങ്, ഇൻഷുറൻസ്, ഗതാഗതം തുടങ്ങിയ അനുബന്ധ ചെലവുകൾക്കായി വെറും 'ഒരു പൈസ' മാത്രമാണ് ജോയ് ആലുക്കാസ് നൽകിയ അപൂർവ്വമായ നിരക്ക്. ടെൻഡർ നിയമപ്രകാരം പങ്കെടുത്ത മറ്റ് 10 കമ്പനികളോടും ഈ നിരക്കിൽ സേവനം നൽകാൻ സാധിക്കുമോ എന്ന് സർക്കാർ ആരായുകയും കല്യാൺ ജ്വല്ലേഴ്സ് മാത്രം ഇത് അംഗീകരിക്കുകയും ചെയ്തു. തുടർന്ന് വിതരണ ഓർഡർ ജോയ് ആലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനുമായി വിഭജിച്ച് നൽകാൻ തീരുമാനമായി.

തമിഴ് സംസ്കാരത്തിലെ പരമ്പരാഗതമായ 'തായ്‌മാമൻ സീർ' ആചാരത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് പദ്ധതിക്ക് ഈ പേരിട്ടിരിക്കുന്നത്. സർക്കാർ ആശുപത്രികളിലെ പ്രസവങ്ങൾ പ്രോത്സാഹിപ്പിക്കുക, സുരക്ഷിതമായ പ്രസവസേവനങ്ങളിൽ ജനവിശ്വാസം വർധിപ്പിക്കുക, ആശുപത്രികളിലേക്ക് കൂടുതൽ കുടുംബങ്ങളെ ആകർഷിക്കുക എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷ്യങ്ങൾ. തമിഴ്‌നാട്ടിൽ സ്ഥിരതാമസമുള്ള കുടുംബങ്ങൾക്ക് മാത്രമാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക. 2026 ജൂൺ 22 മുതൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ഈ ആനുകൂല്യം ലഭിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. തമിഴ്‌നാട്ടിലെ പ്രമുഖ നേതാവ് സി. എൻ. അണ്ണാദുരൈയുടെ ജന്മദിനമായ സെപ്റ്റംബർ 15-ന് പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും.

പ്രതിവർഷം 755.83 കോടി രൂപ വകയിരുത്തിയിട്ടുള്ള ഈ പദ്ധതിക്കായി വിതരണം ചെയ്യുന്ന മോതിരങ്ങളിൽ പ്രത്യേക രൂപകൽപ്പനയോ എഴുത്തോ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് കരാർ ലഭിച്ച കമ്പനികളുമായി സർക്കാർ ചർച്ച നടത്തും. സ്വർണമോതിരങ്ങളുടെ സുരക്ഷിതമായ സൂക്ഷിപ്പിനും വിതരണത്തിനുമായി ജില്ലാ ഭരണകൂട ഓഫീസുകളിലോ ട്രഷറികളിലോ ആയി സംസ്ഥാനത്തുടനീളം 13 സംഭരണ കേന്ദ്രങ്ങൾ സ്ഥാപിക്കും. ഇവിടെനിന്ന് പ്രതിദിന പ്രസവങ്ങളുടെ കണക്കനുസരിച്ച് ആശുപത്രികളിലേക്ക് മോതിരങ്ങൾ സുരക്ഷിതമായി എത്തിച്ചുനൽകും.