ടാറ്റാ സൺസ് തലപ്പത്ത് മാറ്റം; ചെയർമാൻ സ്ഥാനത്തുനിന്ന് എൻ. ചന്ദ്രശേഖരൻ രാജിവച്ചു, അപ്രതീക്ഷിത നീക്കം

ടാറ്റാ സൺസിലെ ഭരണപരമായ വിഷയങ്ങളുമായി ബന്ധപ്പെട്ട് ടാറ്റാ ട്രസ്റ്റും ചന്ദ്രശേഖരനും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ നിലനിന്നിരുന്നതായാണ് പുറത്തുവരുന്ന വിവരം

ടാറ്റാ സൺസ് തലപ്പത്ത് മാറ്റം; ചെയർമാൻ സ്ഥാനത്തുനിന്ന് എൻ. ചന്ദ്രശേഖരൻ രാജിവച്ചു, അപ്രതീക്ഷിത നീക്കം

മുംബൈ: ടാറ്റാ ഗ്രൂപ്പിന്റെ ഹോൾഡിങ് കമ്പനിയായ ടാറ്റാ സൺസിന്റെ ചെയർമാൻ എൻ. ചന്ദ്രശേഖരൻ സ്ഥാനമൊഴിയാൻ രാജി സമർപ്പിച്ചതായി റിപ്പോർട്ട്. ഓഗസ്റ്റ് 18ന് നടക്കാനിരിക്കുന്ന കമ്പനിയുടെ വാർഷിക പൊതുയോഗത്തിന് മുന്നോടിയായാണ് അപ്രതീക്ഷിത നീക്കം. നിലവിലെ കാലാവധി പൂർത്തിയാകുന്നതുവരെ, അതായത് 2027 ഫെബ്രുവരി വരെ, അദ്ദേഹം സ്ഥാനത്ത് തുടരുമെന്നാണ് റിപ്പോർട്ടുകൾ.

ടാറ്റാ സൺസിലെ ഭരണപരമായ വിഷയങ്ങളുമായി ബന്ധപ്പെട്ട് ടാറ്റാ ട്രസ്റ്റും ചന്ദ്രശേഖരനും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ നിലനിന്നിരുന്നതായാണ് പുറത്തുവരുന്ന വിവരം. അദ്ദേഹത്തിന്റെ പുനർനിയമനവുമായി ബന്ധപ്പെട്ട് ഓഹരി ഉടമകൾക്കിടയിലും ഭിന്നതകൾ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

2017 ജനുവരിയിലാണ് ചന്ദ്രശേഖരൻ ടാറ്റാ സൺസിന്റെ ചെയർമാൻ ചുമതലയേറ്റത്. അതിന് മുമ്പ് ടാറ്റാ കൺസൾട്ടൻസി സർവീസസിന്റെ (TCS) ചീഫ് എക്സിക്യൂട്ടീവ് ആയിരുന്നു അദ്ദേഹം. ടാറ്റാ ഗ്രൂപ്പിന്റെ വിവിധ ബിസിനസ് മേഖലകളിലേക്കുള്ള വിപുലീകരണത്തിന് നേതൃത്വം നൽകിയ കാലയളവിന് ശേഷമാണ് ഇപ്പോഴത്തെ രാജി തീരുമാനം.

ഓഗസ്റ്റ് 18ലെ വാർഷിക പൊതുയോഗത്തിൽ ചന്ദ്രശേഖരന്റെ ഡയറക്ടർ സ്ഥാനത്തേക്കുള്ള പുനർനിയമനം സംബന്ധിച്ച് തീരുമാനമുണ്ടാകാനിരിക്കെയാണ് രാജി വാർത്ത പുറത്തുവന്നത്. ഇതോടെ രാജ്യത്തെ പ്രമുഖ വ്യവസായ ഗ്രൂപ്പുകളിലൊന്നായ ടാറ്റയുടെ തലപ്പത്ത് പുതിയ നേതൃമാറ്റത്തിനുള്ള സാധ്യത ശക്തമായി.