ക്ഷേമപെൻഷൻ വിതരണരീതിയിൽ മാറ്റം; സർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ്
വീടുകളിൽ നേരിട്ട് പെൻഷൻ ലഭിച്ചിരുന്ന നിരവധി ഗുണഭോക്താക്കൾ പ്രായാധിക്യമുള്ളവരും ഭിന്നശേഷിക്കാരും ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവരുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി
തിരുവനന്തപുരം: സഹകരണ ബാങ്കുകൾ മുഖേന ഗുണഭോക്താക്കളുടെ വീടുകളിലെത്തിച്ചിരുന്ന ക്ഷേമപെൻഷൻ വിതരണരീതിയിൽ സർക്കാർ വരുത്തിയ മാറ്റത്തിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്തെത്തി. നിലവിലെ തീരുമാനം സാമൂഹ്യസുരക്ഷാ പെൻഷൻ പദ്ധതിയുടെ ജനകീയ സ്വഭാവത്തെ ബാധിക്കുന്നതാണെന്നും ഇത് പാവപ്പെട്ടവർക്കും ദുര്‍ബല വിഭാഗങ്ങൾക്കും തിരിച്ചടിയാകുമെന്നും അദ്ദേഹം ആരോപിച്ചു.
വീടുകളിൽ നേരിട്ട് പെൻഷൻ ലഭിച്ചിരുന്ന നിരവധി ഗുണഭോക്താക്കൾ പ്രായാധിക്യമുള്ളവരും ഭിന്നശേഷിക്കാരും ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവരുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബാങ്കിംഗ് സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമല്ലാത്ത വിഭാഗങ്ങളെയാണ് പുതിയ തീരുമാനം കൂടുതൽ ബാധിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
സഹകരണ സ്ഥാപനങ്ങൾ വഴിയുള്ള വീട്ടുപടിക്കൽ പെൻഷൻ വിതരണം അവസാനിപ്പിക്കുന്നത് ഭാവിയിൽ ക്ഷേമപെൻഷൻ സംവിധാനത്തെ തന്നെ ദുർബലപ്പെടുത്താനുള്ള നീക്കമാണെന്നും പിണറായി വിജയൻ വിമർശിച്ചു. സാമൂഹ്യസുരക്ഷാ പെൻഷൻ സർക്കാരിന്റെ ഔദാര്യമല്ല, അർഹരായ ജനങ്ങളുടെ അവകാശമാണെന്നും അദ്ദേഹം വ്യക്തമാക്കി.
പുതിയ ഉത്തരവ് സർക്കാർ പിൻവലിക്കണമെന്നും, ആവശ്യമുള്ള എല്ലാ ഗുണഭോക്താക്കൾക്കും സഹകരണ സ്ഥാപനങ്ങൾ വഴി വീടുകളിൽ നേരിട്ട് പെൻഷൻ വിതരണം ചെയ്യുന്ന പഴയ സംവിധാനം പുനഃസ്ഥാപിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
Comments ()