കേരളത്തിൽ മഴ ശക്തമാകും; ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ തീവ്രമഴ ലഭിക്കാനുള്ള സാധ്യതയാണ് നിലനിൽക്കുന്നത്. ശേഷിക്കുന്ന ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

കേരളത്തിൽ മഴ ശക്തമാകും; ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തിന്റെ സ്വാധീനത്തിൽ കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം. പുതുക്കിയ പ്രവചനമനുസരിച്ച് ഇന്ന് സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ട്. ആറ് ജില്ലകളിൽ ഒറ്റപ്പെട്ട തീവ്രമഴയ്ക്കും മറ്റ് ജില്ലകളിൽ ശക്തമായ മഴയ്ക്കുമാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ തീവ്രമഴ ലഭിക്കാനുള്ള സാധ്യതയാണ് നിലനിൽക്കുന്നത്. ശേഷിക്കുന്ന ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, തിരുവോണ ദിനമായ ബുധനാഴ്ചയോടെ സംസ്ഥാനത്തെ മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ. നാളെ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ മാത്രമാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഈ നാല് ജില്ലകളിലും യെല്ലോ അലർട്ട് നിലവിലുണ്ട്.

നിലവിൽ ഗംഗാതീര പശ്ചിമ ബംഗാളിനും സമീപ പ്രദേശങ്ങളായ ഝാർഖണ്ഡ്, വടക്കൻ ഒഡീഷ എന്നിവിടങ്ങൾക്കും മുകളിലാണ് ന്യൂനമർദം സ്ഥിതി ചെയ്യുന്നത്. ഇതിന്റെ സ്വാധീനമാണ് കേരളത്തിൽ മഴ ശക്തമാകാൻ പ്രധാന കാരണമായി കാലാവസ്ഥ വകുപ്പ് ചൂണ്ടിക്കാട്ടുന്നത്.