എഐ സഹായത്തോടെ സിവിൽ സർവീസ് പഠനം; കോച്ചിങ് ഇല്ലാതെ അഞ്ചാം റാങ്ക് നേടി 23-കാരി

ഹിസാറിലെ ഡോഗ്രാൻ മൊഹല്ല സ്വദേശിയായ ചഹ്വി സർദനയാണ് റെക്കോർഡ് വിജയം സ്വന്തമാക്കിയത്.

എഐ സഹായത്തോടെ സിവിൽ സർവീസ് പഠനം; കോച്ചിങ് ഇല്ലാതെ അഞ്ചാം റാങ്ക് നേടി 23-കാരി

ഇന്നത്തെ കാലത്ത് എഐ (കൃത്രിമബുദ്ധി) സാങ്കേതികവിദ്യ എല്ലാ മേഖലകളിലും സജീവമാണ്. ഗുണങ്ങളും ദോഷങ്ങളും ഒരുപോലെ ഉണ്ടെങ്കിലും ഇതിനെ ഏത് രീതിയിൽ ഉപയോഗപ്പെടുത്തുന്നു എന്നതിലാണ് കാര്യം. നല്ല രീതിയിൽ പഠനത്തിനും ജോലിയ്ക്കും സഹായകരമായ വിധത്തിൽ എഐ ടൂളുകൾ ഉപയോഗപ്പെടുത്തുന്നവർ ഇന്ന് ധാരാളമുണ്ട്. പഠനത്തെ രസകരമായി മുൻപോട്ട് കൊണ്ടുപോകാൻ എഐ സഹായിക്കുമെന്നതിന് മികച്ച ഉദാഹരണമായി മാറിയിരിക്കുകയാണ് ഹരിയാനയിൽ നിന്നുള്ള ചഹ്വി സർദാന എന്ന 23-കാരി. ഹരിയാന സിവിൽ സർവീസ് പരീക്ഷയിൽ ചാറ്റ്ജിപിടിയുടെ സഹായത്തോടെ പഠിച്ച് അഞ്ചാം റാങ്ക് നേടിയാണ് ചഹ്വി വാർത്തകളിൽ ഇടംപിടിച്ചത്. കോച്ചിങ് ക്ലാസുകൾക്കോ മോക്ക് ടെസ്റ്റുകൾക്കോ പോകാതെ, സംശയങ്ങൾ നിവാരണം ചെയ്യാൻ പൂർണമായും ചാറ്റ്‌ജിപിടിയെ ആശ്രയിച്ചായിരുന്നു ഈ മിടുക്കിയുടെ റെക്കോർഡ് വിജയം.

ഹിസാറിലെ ഡോഗ്രാൻ മൊഹല്ല സ്വദേശിയും പ്രിന്റിങ് പ്രസ് ഉടമയുമായ ചിരാഗ് സർദാനയുടെയും സുമൻ സർദാനയുടെയും മകളായ ചഹ്വി, ആകെ 675 മാർക്കിൽ 385 മാർക്ക് നേടിയാണ് വിജയം വരിച്ചത്. കുടുംബത്തിലെ ആദ്യ സർക്കാർ ജോലിക്കാരി കൂടിയാണ് ഈ 23-കാരി. പട്യാലയിലെ കോളജിൽ നിന്ന് ബിഎ എൽഎൽബി (BA LLB) ബിരുദം സ്വന്തമാക്കിയ ചഹ്വിയുടെ ആദ്യ ലക്ഷ്യം അഭിഭാഷക ആകുക എന്നതായിരുന്നു. എന്നാൽ പഠനകാലത്ത് തന്നെ സിവിൽ സർവീസിലേക്ക് കടക്കാൻ തീരുമാനിച്ചതോടെ സമയപരിമിതി വലിയൊരു വില്ലനായി മാറി. കൃത്യമായ പ്ലാനിങ്ങിലൂടെ ഈ പ്രതിസന്ധിയെ മറികടന്ന ചഹ്വി, പഠനത്തിൽ നിന്ന് ശ്രദ്ധ തിരിക്കാതിരിക്കാൻ ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പൂർണമായും ഒഴിവാക്കി.

സോഷ്യൽ മീഡിയയിൽ സമയം കളയാതെ പഠനത്തിൽ മാത്രം കേന്ദ്രീകരിച്ച ഈ സമയത്താണ് ചഹ്വി ചാറ്റ്‌ജിപിടി കൂടുതലായി ഉപയോഗിച്ച് തുടങ്ങിയത്. വിഷയങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാനും പഠനം രസകരവും ആയാസരഹിതവുമാക്കാനും എഐ സഹായിച്ചു. 60,000-ത്തിൽ അധികം ആളുകൾ എഴുതിയ പ്രിലിമിനറി പരീക്ഷ ഏപ്രിലിലാണ് നടന്നത്. ഇതിലെ വിജയം നൽകിയ ആത്മവിശ്വാസത്തിൽ ജൂണിൽ രണ്ടാം ഘട്ട പരീക്ഷയും ഒക്ടോബറിൽ അഭിമുഖവും പൂർത്തിയാക്കി. അപ്രതീക്ഷിതമായി എത്തിയ അഞ്ചാം റാങ്ക് വാർത്തെ വലിയ സന്തോഷത്തോടെയാണ് ചഹ്വിയും കുടുംബവും സ്വീകരിച്ചത്. ഹരിയാന സിവിൽ സർവീസ് പരീക്ഷയ്ക്ക് പുറമെ യുപിഎസ്‌സി, പഞ്ചാബ് സിവിൽ സർവീസ് പരീക്ഷകളും എഴുതിയ ചഹ്വി നിലവിൽ ഇവയുടെ ഫലത്തിനായി കാത്തിരിക്കുകയാണ്. ഏത് പരീക്ഷയിൽ വിജയിച്ചാലും സർക്കാർ സർവീസിൽ തുടർന്ന് മികച്ച സേവനം കാഴ്ചവെക്കാനാണ് ചഹ്വിയുടെ തീരുമാനം.