റിയാദിലേക്കുള്ള വിമാനങ്ങൾ ഒക്ടോബർ 31 വരെ ഇല്ല; സൗദിയിലെ സർവീസുകൾ റദ്ദാക്കൽ നീട്ടി ഇൻഡിഗോ
യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനാണ് പ്രഥമ പരിഗണനയെന്ന് ഇൻഡിഗോ വ്യക്തമാക്കി
ദില്ലി: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയും സുരക്ഷാ ആശങ്കകളും തുടരുന്ന സാഹചര്യത്തിൽ സൗദി അറേബ്യയിലെ നാല് നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കിയ നടപടി നീട്ടി ഇൻഡിഗോ. റിയാദിലേക്കുള്ള സർവീസുകൾ ഒക്ടോബർ 31 വരെയും ജിദ്ദ, ദമ്മാം, മദീന എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ ഒക്ടോബർ 27 വരെയും സർവീസ് നടത്തില്ലെന്ന് എയർലൈൻ അറിയിച്ചു.
യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനാണ് പ്രഥമ പരിഗണനയെന്ന് ഇൻഡിഗോ വ്യക്തമാക്കി. പശ്ചിമേഷ്യയിലെ സാഹചര്യങ്ങൾ നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും ബന്ധപ്പെട്ട അധികൃതരുമായി കൂടിയാലോചിച്ചാണ് തീരുമാനങ്ങൾ കൈക്കൊള്ളുന്നതെന്നും എക്സ് പ്ലാറ്റ്ഫോമിലൂടെ പുറത്തുവിട്ട അറിയിപ്പിൽ കമ്പനി വിശദീകരിച്ചു.
വിമാന സർവീസുകളിലെ മാറ്റങ്ങൾ ബുക്കിങ് സമയത്ത് നൽകിയ ഫോൺ നമ്പറുകളിലേക്കും ഇമെയിൽ വിലാസങ്ങളിലേക്കും അറിയിക്കും. യാത്രയ്ക്കായി വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ഔദ്യോഗിക വെബ്സൈറ്റിൽ സർവീസിന്റെ നിലവിലെ സ്ഥിതി പരിശോധിക്കണമെന്നും ഇൻഡിഗോ യാത്രക്കാരോട് നിർദേശിച്ചു. സുരക്ഷാ സാഹചര്യങ്ങൾക്കനുസരിച്ച് യാത്രാ ക്രമീകരണങ്ങളിൽ മാറ്റങ്ങൾ ഉണ്ടായേക്കാമെന്നതിനാൽ പുതിയ അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും കമ്പനി അഭ്യർത്ഥിച്ചു.
Comments ()