ഭർത്താവിനെ കാണാനില്ല; ടവറിന് മുകളിൽ കയറി യുവതിയുടെ ആത്മഹത്യാ ഭീഷണി, മൂന്ന് ദിവസത്തെ പ്രതിഷേധത്തിനൊടുവിൽ ആശുപത്രിയിലേക്ക്

വിവാഹം കഴിഞ്ഞ് പത്ത് ദിവസത്തിനകം ഭർത്താവിനെ കാണാതായതിനെ തുടർന്ന് ബെംഗളൂരു നെലമംഗലയിൽ യുവതി മൊബൈൽ ടവറിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി.

ഭർത്താവിനെ കാണാനില്ല; ടവറിന് മുകളിൽ കയറി യുവതിയുടെ ആത്മഹത്യാ ഭീഷണി, മൂന്ന് ദിവസത്തെ പ്രതിഷേധത്തിനൊടുവിൽ ആശുപത്രിയിലേക്ക്

ബെംഗളൂരു: കാണാതായ ഭർത്താവിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് മൊബൈൽ ടവറിന് മുകളിൽ കയറി ഇരിപ്പുറപ്പിച്ച് യുവതിയുടെ ആത്മഹത്യാ ഭീഷണി. തുടർച്ചയായി മൂന്ന് ദിവസം ബെംഗളൂരു അതിർത്തി ഗ്രാമമായ നെലമംഗലയെയും പൊലീസിനെയും മുൾമുനയിൽ നിർത്തിയ നാടകീയ സംഭവങ്ങൾക്കൊടുവിൽ യുവതിയെ ബെംഗളൂരുവിലെ നിംഹാൻസ് (NIMHANS) ആശുപത്രിയിലേക്ക് മാറ്റി. പാവഗഡ സ്വദേശിനിയായ സിന്ധു (20) എന്ന യുവതിയാണ് ഉദ്യോഗസ്ഥരെയും നാട്ടുകാരെയും ഒരുപോലെ കുഴക്കിയത്.

ഈ മാസം ആറാം തീയതിയായിരുന്നു സിന്ധുവും ഗണേഷ് എന്ന യുവാവും തമ്മിലുള്ള വിവാഹം നടന്നത്. എന്നാൽ വിവാഹം കഴിഞ്ഞ് പത്ത് ദിവസത്തിനുള്ളിൽത്തന്നെ സിന്ധുവിന്റെ പെരുമാറ്റത്തിലുണ്ടായ അസ്വാഭാവികത കാരണം ഗണേഷ് വീടുവിട്ടിറങ്ങുകയായിരുന്നു. ഭർത്താവിനെ കാണാതായതോടെ സിന്ധു മദനായകനഹള്ളി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

എന്നാൽ കേസ് രജിസ്റ്റർ ചെയ്തിട്ടും ഭർത്താവിനെ കണ്ടെത്താൻ വൈകുന്നുവെന്ന് ആരോപിച്ച് യുവതി തിരക്കേറിയ റോഡിന് നടുവിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടർന്ന് പൊലീസ് എത്തി അനുനയിപ്പിച്ചാണ് ഇവരെ റോഡിൽ നിന്നും മാറ്റിയത്. എന്നാൽ തൊട്ടടുത്ത ദിവസം മകാലി ഗ്രാമത്തിലെ ഒരു മൊബൈൽ ടവറിന് മുകളിൽ കയറി യുവതി ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ പൊലീസുകാർ ഇവരെ സുരക്ഷിതമായി താഴെയിറക്കി പാവഗഡയിലുള്ള അമ്മയുടെ വീട്ടിലേക്ക് പറഞ്ഞയച്ചു.

എന്നാൽ അധികൃതരെയും നാട്ടുകാരെയും അമ്പരപ്പിച്ചുകൊണ്ട് തൊട്ടടുത്ത ദിവസം സിന്ധു വീണ്ടും മദനായകനഹള്ളിയിൽ തിരിച്ചെത്തുകയും, അതേ മൊബൈൽ ടവറിന് മുകളിൽ വീണ്ടും കയറി ആത്മഹത്യാ ഭീഷണി തുടരുകയുമായിരുന്നു. ഒടുവിൽ വനിതാ പൊലീസ് ഉദ്യോഗസ്ഥർ സാഹസികമായി ടവറിന് മുകളിൽ കയറിയാണ് യുവതിയെ താഴെയിറക്കിയത്.

യുവതിയുടെ ഭാഗത്തുനിന്നുണ്ടായ തുടർച്ചയായുള്ള അസ്വാഭാവിക പെരുമാറ്റം കണക്കിലെടുത്ത്, വിദഗ്ധ പരിശോധനകൾക്കും ചികിത്സകൾക്കുമായി പൊലീസ് ഇവരെ ബെംഗളൂരുവിലെ നിംഹാൻസ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അതേസമയം കാണാതായ ഭർത്താവ് ഗണേഷിനായുള്ള തെരച്ചിൽ പൊലീസ് കൂടുതൽ ഊർജിതമാക്കി.