പ്രിയദർശിനി പദ്ധതി തിരിച്ചടിയായി; ചാലക്കുടിയിൽ 60 വർഷത്തെ ബസ് സർവീസ് റീത്ത് വെച്ച് അവസാനിപ്പിച്ചു
ചാലക്കുടി-മലക്കപ്പാറ റൂട്ടില്‍ 60 വര്‍ഷമായി സര്‍വീസ് നടത്തിയിരുന്ന പ്രശസ്തമായ 'ചീനിക്കാസ്' ബസ് ഓട്ടം അവസാനിപ്പിച്ചു.
തൃശൂര്‍: പ്രിയദര്‍ശിനി പദ്ധതി പ്രകാരം പുതിയ സര്‍വീസുകള്‍ ആരംഭിച്ചതോടെ വരുമാനം കുത്തനെ ഇടിഞ്ഞതിനെ തുടര്‍ന്ന് ചാലക്കുടി-മലക്കപ്പാറ റൂട്ടില്‍ 60 വര്‍ഷമായി സര്‍വീസ് നടത്തിയിരുന്ന പ്രശസ്തമായ 'ചീനിക്കാസ്' ബസ് ഓട്ടം അവസാനിപ്പിച്ചു. മുന്‍പ് പ്രതിദിനം പതിനായിരം രൂപ വരെ കളക്ഷന്‍ ലഭിച്ചിരുന്ന റൂട്ടില്‍, നിലവില്‍ അത് മൂവായിരത്തില്‍ താഴെയായി ചുരുങ്ങിയതാണ് സര്‍വീസ് നിര്‍ത്തലാക്കാന്‍ കാരണം.
പ്രിയദര്‍ശിനി ബസുകള്‍ക്ക് പുറമെ അഞ്ച് മിനിറ്റ് ഇടവേളകളില്‍ മറ്റ് ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍ക്കും പെര്‍മിറ്റ് അനുവദിച്ചതാണ് തങ്ങളെ പ്രതിസന്ധിയിലാക്കിയതെന്ന് ജീവനക്കാര്‍ പറയുന്നു. ആകെ മൂന്ന് സര്‍വീസുകള്‍ ഉണ്ടായിരുന്നതില്‍ ഒരെണ്ണം നേരത്തെ നിര്‍ത്തിയിരുന്നു; അവസാന സര്‍വീസായ ഇന്ന് ബസിന് റീത്ത് വെച്ചാണ് ജീവനക്കാര്‍ യാത്ര അവസാനിപ്പിച്ചത്.
യാത്രാസൗകര്യത്തിനപ്പുറം, മലക്കപ്പാറ മേഖലയിലെ താമസക്കാര്‍ക്ക് പ്രതിഫലം വാങ്ങാതെ പലചരക്ക് സാധനങ്ങള്‍ എത്തിച്ചുനല്‍കിയിരുന്ന ജീവനക്കാരുടെ കാരുണ്യപ്രവര്‍ത്തനങ്ങളിലൂടെയും ശ്രദ്ധേയമായിരുന്നു ഈ ബസ്. ചീനിക്കാസ് കൂടി പിന്‍വാങ്ങിയതോടെ ഇനി ഈ റൂട്ടില്‍ നാല് കെ.എസ്.ആര്‍.ടി.സി ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്താനുള്ളത്.
Comments ()