കെഎസ്ആർടിസി ബസുകളിൽ ഇനി ടിവി ; യാത്രക്കാർക്ക് തത്സമയ വിവരങ്ങളും വിനോദവും

ബസിന്റെ ഡ്രൈവർ സീറ്റിന് പിന്നിൽ, എല്ലാ യാത്രക്കാർക്കും വ്യക്തമായി കാണുന്ന വിധത്തിലാണ് ടിവികൾ സ്ഥാപിക്കുന്നത്. വാർത്തകൾക്കൊപ്പം ബസ് സഞ്ചരിക്കുന്ന റൂട്ട്, നിലവിലെ സ്റ്റോപ്പ്, അടുത്ത സ്റ്റോപ്പ്, യാത്രാസമയം, കെഎസ്ആർടിസിയുടെ അറിയിപ്പുകൾ തുടങ്ങിയ വിവരങ്ങളും തത്സമയം പ്രദർശിപ്പിക്കും.

കെഎസ്ആർടിസി ബസുകളിൽ ഇനി ടിവി ; യാത്രക്കാർക്ക് തത്സമയ വിവരങ്ങളും വിനോദവും

കൊച്ചി: യാത്ര കൂടുതൽ സൗകര്യപ്രദവും വിവരസമ്പന്നവുമാക്കുന്നതിനായി കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ്, ഓർഡിനറി ബസുകളിൽ ടിവി സംവിധാനം ഒരുക്കുന്നു. ആദ്യഘട്ടമായി 500 ബസുകളിലാണ് 32 ഇഞ്ച് ടിവികൾ സ്ഥാപിക്കുന്നത്. ഇതിനകം നാനൂറിലധികം ബസുകളിൽ സ്ഥാപിക്കൽ പൂർത്തിയായിട്ടുണ്ട്. ശേഷിക്കുന്ന ബസുകളിൽ ജോലികൾ പുരോഗമിക്കുകയാണ്.

ബസിന്റെ ഡ്രൈവർ സീറ്റിന് പിന്നിൽ, എല്ലാ യാത്രക്കാർക്കും വ്യക്തമായി കാണുന്ന വിധത്തിലാണ് ടിവികൾ സ്ഥാപിക്കുന്നത്. വാർത്തകൾക്കൊപ്പം ബസ് സഞ്ചരിക്കുന്ന റൂട്ട്, നിലവിലെ സ്റ്റോപ്പ്, അടുത്ത സ്റ്റോപ്പ്, യാത്രാസമയം, കെഎസ്ആർടിസിയുടെ അറിയിപ്പുകൾ തുടങ്ങിയ വിവരങ്ങളും തത്സമയം പ്രദർശിപ്പിക്കും.

കോട്ടയം ആസ്ഥാനമായ സ്വകാര്യ കമ്പനിക്കാണ് പദ്ധതിയുടെ കരാർ. ടിവികളുടെ സ്ഥാപനം, പരിപാലനം, പ്രവർത്തനം എന്നിവ മുഴുവൻ കമ്പനിയാണ് ഏറ്റെടുക്കുന്നത്. പരസ്യങ്ങളിലൂടെ ലഭിക്കുന്ന വരുമാനമാണ് പദ്ധതിയുടെ പ്രധാന സാമ്പത്തിക അടിത്തറ. അതിൽ നിന്ന് നിശ്ചിത ശതമാനം ലൈസൻസ് ഫീസായി കെഎസ്ആർടിസിക്ക് നൽകും.

പദ്ധതി നടപ്പാക്കുന്നതിനായി കെഎസ്ആർടിസിക്ക് പ്രത്യേക സാമ്പത്തിക ബാധ്യതയൊന്നുമില്ല. ടിവികളിൽ പ്രദർശിപ്പിക്കുന്ന എല്ലാ വീഡിയോകളും പരസ്യങ്ങളും കെഎസ്ആർടിസിയുടെ മുൻകൂർ അംഗീകാരത്തോടെയായിരിക്കും. വരും ദിവസങ്ങളിൽ കൂടുതൽ വരുമാനസാധ്യതയുള്ള റൂട്ടുകളിലെ ബസുകളിലേക്കും ഈ സംവിധാനം വ്യാപിപ്പിക്കാനുള്ള ആലോചനയിലാണ് അധികൃതർ.