ചേരാനല്ലൂർ അപകടം: "ഞാൻ ഉറങ്ങുകയായിരുന്നു, മകൻ കാറെടുത്തത് അറിയാതെ"; മുൻകൂർ ജാമ്യാപേക്ഷയുമായി അഡീഷണൽ ജഡ്ജി

ജാമ്യം നൽകരുതെന്ന് മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം കോടതിയോട് ആവശ്യപ്പെട്ടു.

ചേരാനല്ലൂർ അപകടം: "ഞാൻ ഉറങ്ങുകയായിരുന്നു, മകൻ കാറെടുത്തത് അറിയാതെ"; മുൻകൂർ ജാമ്യാപേക്ഷയുമായി അഡീഷണൽ ജഡ്ജി

കൊച്ചി: ചേരാനല്ലൂർ വാഹനാപകടക്കേസിൽ തനിക്കെതിരെ നരഹത്യാക്കുറ്റം നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിയായ പതിനേഴുകാരന്റെ പിതാവായ അഡീഷണൽ ജഡ്ജി ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി.

അപകടം നടക്കുമ്പോൾ താൻ ഉറങ്ങിക്കിടക്കുകയായിരുന്നുവെന്നും മകന് വാഹനം ഓടിക്കാൻ അനുമതി നൽകിയിരുന്നില്ലെന്നും ഹർജിയിൽ പറയുന്നു. മകൻ തങ്ങളറിയാതെ രഹസ്യമായാണ് കാറെടുത്തത്. കാർ തന്റെ പേരിൽ ഉള്ളതാണെന്ന കാരണം കൊണ്ടുമാത്രം നരഹത്യാക്കുറ്റം ചുമത്താനാകില്ല. പ്രായപൂർത്തിയാകാത്ത കുട്ടി രഹസ്യമായി വാഹനമെടുത്ത സംഭവത്തിൽ രക്ഷിതാവിന് അറിവുണ്ടായിരുന്നുവെന്ന അനുമാനം നിയമപരമായി നിലനിൽക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പൊലീസ് സ്റ്റേഷനിലും അപകടസ്ഥലത്തും പോയത് ജുഡീഷ്യൽ ഓഫീസർ എന്ന നിലയിലല്ല, മറിച്ച് ഒരു പിതാവ് എന്ന നിലയിലാണ്. ജില്ലാ ജഡ്ജിയുടെ മുൻകൂട്ടിയുള്ള അനുമതി വാങ്ങാൻ സമയം ലഭിക്കാത്തതിനാലാണ് ഉടൻ തന്നെ സ്റ്റേഷനിലേക്ക് പോകേണ്ടി വന്നത്. ഇതിൽ ഹൈക്കോടതി ചോദിച്ച വിശദീകരണത്തിന് മറുപടി നൽകിയിട്ടുണ്ടെന്നും അദ്ദേഹം ഹർജിയിൽ വിശദീകരിച്ചു.

അന്വേഷണവുമായി പൂർണമായി സഹകരിക്കുന്നുണ്ടെന്നും ചോദ്യം ചെയ്യലിന് ഹാജരായിട്ടുണ്ടെന്നും അഡീഷണൽ ജഡ്ജി അറിയിച്ചു. ഡിജിറ്റൽ ഉപകരണങ്ങളും ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതിനാൽ തന്നെ ഇനി അന്വേഷണത്തിനായി ഒന്നും ബാക്കിയില്ല. പരമാവധി മൂന്ന് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് തനിക്കെതിരെ ചുമത്തിയിട്ടുള്ളത്. മുൻകാല ക്രിമിനൽ പശ്ചാത്തലമില്ലാത്തതിനാൽ കേസിലെ അറസ്റ്റ് ഒഴിവാക്കണമെന്നും, അറസ്റ്റ് ചെയ്യുകയാണെങ്കിൽ ജാമ്യം നൽകി വിട്ടയക്കാൻ ഉത്തരവിടണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

അതേസമയം, ജുവനൈൽ ജസ്റ്റിസ് ആക്ട് സെക്ഷൻ 12 പ്രകാരമാണ് പതിനേഴുകാരന് ജാമ്യം ലഭിച്ചത്. കുട്ടിയുടെ ക്ഷേമത്തിനാണ് മുൻഗണന നൽകേണ്ടതെന്നും ഹർജിയിൽ പറയുന്നുണ്ട്. എന്നാൽ കുട്ടിയുടെ ജാമ്യം റദ്ദാക്കാനുള്ള നീക്കത്തിലാണ് സംസ്ഥാന സർക്കാർ.