'തനിക്ക് അധിക സുരക്ഷ വേണ്ട': സുരക്ഷാ ജീപ്പ് കണ്ടയുടൻ ഉന്നത ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി

അകമ്പടി വാഹനങ്ങളുടെ എണ്ണം കൂടിയതിൽ ഡിസിപിയോട് ക്ഷുഭിതനായി മുഖ്യമന്ത്രി വി ഡി സതീശൻ. ഇന്ന് രാവിലെ കവടിയാറിൽ ഒരു ചടങ്ങിന് എത്തിയപ്പോഴായിരുന്നു സംഭവം. മുഖ്യമന്ത്രിയുടെ

'തനിക്ക് അധിക സുരക്ഷ വേണ്ട': സുരക്ഷാ ജീപ്പ് കണ്ടയുടൻ ഉന്നത ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: ഔദ്യോഗിക യാത്രയിലെ അകമ്പടി വാഹനങ്ങളുടെ എണ്ണം കൂടിയതിൽ ഡിസിപിയോട് ക്ഷുഭിതനായി മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇന്ന് രാവിലെ കവടിയാറിൽ നടന്ന ഒരു ചടങ്ങിനെത്തിയപ്പോഴായിരുന്നു സംഭവം. മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനത്തിന് മുന്നിലായി അധികമായി ഒരു പൊലീസ് ജീപ്പ് കൂടി വിന്യസിച്ചതിൽ, കാറിൽ നിന്നിറങ്ങിയ ഉടൻ തന്നെ അദ്ദേഹം ഡിസിപിയോട് അമർഷം പ്രകടിപ്പിച്ചു.

തനിക്ക് അധിക സുരക്ഷ ആവശ്യമില്ലെന്നും ഔദ്യോഗിക യാത്രകൾക്ക് കൂടുതൽ വാഹനങ്ങൾ നിയോഗിക്കരുതെന്നും മുഖ്യമന്ത്രി മുൻപേ വ്യക്തമാക്കിയതാണ്. സത്യപ്രതിജ്ഞയ്ക്ക് മുമ്പ് തന്നെ യാത്രാസുരക്ഷയിൽ ശൈലീമാറ്റം പ്രഖ്യാപിച്ച അദ്ദേഹം, പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വലിയ വാഹനവ്യൂഹവും സുരക്ഷാക്രമീകരണങ്ങളും ഒഴിവാക്കണമെന്ന് നിർദേശിച്ചിരുന്നു.

പൈലറ്റും എസ്കോർട്ടും ഒഴികെയുള്ള അധിക വാഹനങ്ങൾ വേണ്ടെന്നും യാത്രയുടെ പേരിൽ നാട്ടുകാരെ ബുദ്ധിമുട്ടിക്കാനോ റോഡ് ബ്ലോക്ക് ചെയ്യാനോ പാടില്ലെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ അദ്ദേഹം അറിയിച്ചിട്ടുണ്ടായിരുന്നു. എസ്കോർട്ട് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും, സുരക്ഷാ കാരണങ്ങളാൽ അത് പൂർണ്ണമായി ഒഴിവാക്കാൻ കഴിയില്ലെന്ന നിലപാടിലാണ് പൊലീസ്.