പ്രവാസികൾക്ക് ആശ്വാസം: യു.എ.ഇയിൽ ഇന്ത്യൻ പാസ്‌പോർട്ട്, വിസ സേവനങ്ങൾക്ക് പുതിയ ടെൻഡർ

സുപ്രീം കോടതി നിർദേശപ്രകാരമാണ് നടപടി. നവംബറോടെ പുതിയ കമ്പനികൾ സേവനം ആരംഭിക്കും.

പ്രവാസികൾക്ക് ആശ്വാസം: യു.എ.ഇയിൽ ഇന്ത്യൻ പാസ്‌പോർട്ട്, വിസ സേവനങ്ങൾക്ക് പുതിയ ടെൻഡർ

യു.എ.ഇ ഉൾപ്പെടെ അഞ്ച് രാജ്യങ്ങളിലെ ഇന്ത്യൻ പാസ്‌പോർട്ട്, വിസ സേവനങ്ങൾക്കായി കേന്ദ്ര സർക്കാർ പുതിയ ടെൻഡർ ക്ഷണിച്ചു. മുൻപ് നൽകിയ കരാറുകൾ നിയമക്കുരുക്കിലായതിനെ തുടർന്ന്, മൂന്ന് മാസത്തിനകം പുതിയ ടെൻഡർ നടപടികൾ പൂർത്തിയാക്കാൻ സുപ്രീം കോടതി നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് യു.എ.ഇ, കുവൈത്ത്, സൗദി അറേബ്യ, സിംഗപ്പൂർ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലേക്ക് പുതിയ സേവന ദാതാക്കളെ കണ്ടെത്തുന്നത്.

അടുത്ത മാസം 26 വരെ കമ്പനികൾക്ക് ടെൻഡർ സമർപ്പിക്കാം. നവംബർ 27-ഓടെ നടപടികൾ പൂർത്തിയാക്കി പുതിയ സ്ഥാപനങ്ങൾക്ക് കരാർ നൽകും. ഇതോടെ നവംബറോടെ ഈ രാജ്യങ്ങളിൽ പുതിയ കമ്പനികൾ ചുമതലയേൽക്കും. യു.എ.ഇയിൽ നിലവിൽ താത്കാലികമായി സേവനം നൽകുന്ന അൽഹിന്ദ് ഗ്ലോബൽ ഉൾപ്പെടെയുള്ള ഏജൻസികൾക്കും ഈ ടെൻഡറിൽ പങ്കെടുക്കാം.

സേവന കരാറുകളിലെ നിയമതടസ്സം കാരണം മുൻപ് ആഴ്ചകളോളം യു.എ.ഇയിൽ പാസ്‌പോർട്ട് സേവനങ്ങൾ തടസ്സപ്പെടുകയും വലിയ പ്രതിസന്ധി രൂപപ്പെടുകയും ചെയ്തിരുന്നു. തുടർന്നാണ് നിലവിലെ കമ്പനികൾക്ക് തൽക്കാലം പ്രവർത്തനം തുടരാൻ അനുമതി നൽകി പുതിയ ടെൻഡർ വിളിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടത്. പുതിയ കരാർ പ്രകാരം യു.എ.ഇയിൽ മാത്രം ഇന്ത്യക്കാരുടെ പാസ്‌പോർട്ട്, വിസ സേനങ്ങൾക്കായി 15 കേന്ദ്രങ്ങളാണ് തുറക്കേണ്ടത്.