ഡിവൈഎഫ്‌ഐയുടെ തലപ്പത്തേക്ക് ചിന്ത ജെറോം; വിജിനും രാഹുലും പുതിയ നേതൃത്വത്തിലേക്ക്
അടുത്ത സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി ചേർന്ന ഡിവൈഎഫ്ഐ ഫ്രാക്ഷൻ യോഗത്തിലാണ് പുതിയ ഭാരവാഹികളുടെ കാര്യത്തിൽ ധാരണയായത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് യോഗത്തിൽ ഭാരവാഹികളുടെ പാനൽ അവതരിപ്പിച്ചത്. അന്തിമ അംഗീകാരം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ ലഭിക്കേണ്ടതുണ്ട്.
തിരുവനന്തപുരം: ഡിവൈഎഫ്ഐയുടെ സംസ്ഥാന നേതൃത്വത്തിൽ മാറ്റത്തിന് നീക്കം. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ചിന്ത ജെറോമിനെ സംഘടനയുടെ പുതിയ സംസ്ഥാന പ്രസിഡന്റാക്കാനാണ് ധാരണ. കല്യാശേരി എംഎൽഎ എം. വിജിനെ സംസ്ഥാന സെക്രട്ടറിയായും ആലപ്പുഴയിൽ നിന്നുള്ള രാഹുലിനെ ട്രഷററായും പരിഗണിക്കുന്നതായാണ് വിവരം.
അടുത്ത സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി ചേർന്ന ഡിവൈഎഫ്ഐ ഫ്രാക്ഷൻ യോഗത്തിലാണ് പുതിയ ഭാരവാഹികളുടെ കാര്യത്തിൽ ധാരണയായത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് യോഗത്തിൽ ഭാരവാഹികളുടെ പാനൽ അവതരിപ്പിച്ചത്. അന്തിമ അംഗീകാരം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ ലഭിക്കേണ്ടതുണ്ട്.
ചിന്ത ജെറോം പ്രസിഡന്റാകുന്നതോടെ ഡിവൈഎഫ്ഐയുടെ ചരിത്രത്തിലെ ആദ്യ വനിതാ സംസ്ഥാന പ്രസിഡന്റാകും. നിലവിൽ ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റി അംഗമായ ചിന്ത ജെറോം സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കൂടിയാണ്.
തിരുവനന്തപുരം മുൻ മേയർ ആര്യ രാജേന്ദ്രന്റെ പേരും പുതിയ നേതൃത്വത്തിലേക്ക് ഉയർന്നിരുന്നെങ്കിലും ഒടുവിൽ പരിഗണിച്ചില്ലെന്നാണ് വിവരം. ഡിവൈഎഫ്ഐ ഭാരവാഹിത്വത്തിന് 38 വയസാണ് പ്രായപരിധിയായി നിശ്ചയിച്ചിരിക്കുന്നത്.
ഓഗസ്റ്റ് 19 മുതൽ 22 വരെ തൃശ്ശൂരിലാണ് ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനം നടക്കുന്നത്. സമ്മേളനത്തോടനുബന്ധിച്ചാകും പുതിയ ഭാരവാഹികളുടെ ഔദ്യോഗിക പ്രഖ്യാപനം. അതിന് മുമ്പായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പാനലിന് അംഗീകാരം നൽകുമെന്നാണ് സൂചന.
നിലവിലെ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫും സെക്രട്ടറി വി.കെ. സനോജും 2022ൽ പത്തനംതിട്ടയിൽ നടന്ന സംസ്ഥാന സമ്മേളനത്തിലാണ് ചുമതലയേറ്റത്. പുതിയ നേതൃത്വത്തിൽ എം. വിജിന് അവസരം ലഭിച്ചാൽ, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കാലത്തെ സംഘടനാ പ്രവർത്തന പരിചയവും അദ്ദേഹത്തിന് മുതൽക്കൂട്ടാകും
Comments ()