ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സമരം തുടരും; ജനങ്ങളോട് അണിചേരാൻ സിജെപി

മാർച്ചിൽ പങ്കെടുക്കാനെത്തിയ സിജെപി നേതാക്കളായ അഭിജീത് ദിപ്കെ, അശുതോഷ് രംഗ, സൗരവ് ദാസ് എന്നിവരെ മുംബൈയിൽ നിന്ന് ദില്ലിയിലേക്കുള്ള വിമാനത്തിനുള്ളിൽ വെച്ച് പൊലീസ് കസ്റ്റഡിയിലെടുത്തു. നേതാക്കളെ തടഞ്ഞെങ്കിലും പ്രതിഷേധ പരിപാടികളിൽ നിന്ന് പിന്നോട്ടില്ലെന്ന് സംഘടന വ്യക്തമാക്കി

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സമരം തുടരും; ജനങ്ങളോട് അണിചേരാൻ സിജെപി

ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത സിജെപിയുടെ മാർച്ച് ദില്ലിയിൽ പൊലീസ് തടഞ്ഞു. ജന്തർ മന്തറിലേക്ക് നടത്താനിരുന്ന പ്രതിഷേധം തടയാൻ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയത്. മാർച്ചിൽ പങ്കെടുക്കാനെത്തിയ സിജെപി നേതാക്കളായ അഭിജീത് ദിപ്കെ, അശുതോഷ് രംഗ, സൗരവ് ദാസ് എന്നിവരെ മുംബൈയിൽ നിന്ന് ദില്ലിയിലേക്കുള്ള വിമാനത്തിനുള്ളിൽ വെച്ച് പൊലീസ് കസ്റ്റഡിയിലെടുത്തു. നേതാക്കളെ തടഞ്ഞെങ്കിലും പ്രതിഷേധ പരിപാടികളിൽ നിന്ന് പിന്നോട്ടില്ലെന്ന് സംഘടന വ്യക്തമാക്കി.

ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തിൽ രാവിലെ 10.20ഓടെയാണ് പൊലീസ് നടപടി ആരംഭിച്ചത്. എയർ ഇന്ത്യ വിമാനത്തിൽ കയറിയ പൊലീസ് 15 മിനിറ്റിനുള്ളിൽ മൂന്ന് നേതാക്കളെയും കസ്റ്റഡിയിലെടുത്തു. പിന്നീട് പ്രത്യേക വാഹനത്തിൽ ഇവരെ പുറത്തേക്ക് കൊണ്ടുപോയി രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയെന്നാണ് റിപ്പോർട്ട്. പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയ യൂട്യൂബർ ധ്രുവ് റാത്തിയെ ഗുരുഗ്രാമിലെ വീട്ടിലെത്തി പൊലീസ് കസ്റ്റഡിയിലെടുത്തതായും റിപ്പോർട്ടുണ്ട്. കുടുംബത്തോടൊപ്പം മാർച്ചിൽ പങ്കെടുക്കാൻ തയ്യാറെടുത്ത അരവിന്ദ് കെജ്രിവാളിനെയും ലോധി എസ്റ്റേറ്റിലെ വസതിയിൽ നിന്ന് കസ്റ്റഡിയിലെടുത്തതായി വാർത്തയിൽ പറയുന്നു.

ജന്തർ മന്തറിലേക്കുള്ള പ്രവേശനം തടയാൻ അശോക് റോഡിൽ അഞ്ച് തട്ടുകളുള്ള ബാരിക്കേഡുകൾ സ്ഥാപിച്ചു. കൊണാട്ട് പ്ലേസ്, വിൻഡ്സർ സർക്കിൾ എന്നിവിടങ്ങളിൽ നിന്നുള്ള വഴികളും അടച്ചു. സൻസദ് മാർഗ്, മണ്ഡി ഹൗസ്, റീഗൽ സിനിമ, മിന്റോ റോഡ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് പ്രതിഷേധത്തിനായി എത്തിയവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. സുപ്രീംകോടതി പരിസരത്ത് നിന്ന് ജന്തർ മന്തറിലേക്ക് മാർച്ച് നടത്താൻ ശ്രമിച്ച ചില അഭിഭാഷകരെയും അറസ്റ്റ് ചെയ്ത് നീക്കിയതായി റിപ്പോർട്ടുണ്ട്. ജന്തർ മന്തറിന് സമീപം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ വനിതാ പ്രവർത്തക സുദേശിനെയും പൊലീസ് കൊണ്ടുപോയി. പ്രതിഷേധങ്ങളെ അടിച്ചമർത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ആരോപിച്ച സിജെപി, നേതാക്കൾ ഇല്ലെങ്കിലും ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള സമരം തുടരുമെന്നും ജനാധിപത്യത്തെ സംരക്ഷിക്കാൻ പൊതുജനങ്ങൾ മുന്നോട്ടുവരണമെന്നും അറിയിച്ചു.