പരീക്ഷയിലെ മാർക്ക് കുറഞ്ഞതിൽ മനോവിഷമം, 10ാം ക്ലാസ്സുകാരി ജീവനൊടുക്കി
അടുത്തിടെ നടന്ന പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനെ തുടർന്ന് കുട്ടി മാനസിക വിഷമത്തിലായിരുന്നുവെന്നാണ് പ്രാഥമിക വിവരങ്ങൾ. സംഭവത്തിൽ ആറ്റിങ്ങൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്
തിരുവനന്തപുരം: ആറ്റിങ്ങൽ അയിലത്ത് പതിനഞ്ചുകാരിയായ സ്കൂൾ വിദ്യാർത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. അയിലം ഗവൺമെന്റ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി ഗൗരി പാർവതിയാണ് മരിച്ചത്. അടുത്തിടെ നടന്ന പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനെ തുടർന്ന് കുട്ടി മാനസിക വിഷമത്തിലായിരുന്നുവെന്നാണ് പ്രാഥമിക വിവരങ്ങൾ. സംഭവത്തിൽ ആറ്റിങ്ങൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.
അയിലം ഹോമിയോ ആശുപത്രിക്ക് സമീപമുള്ള വാടകവീട്ടിലാണ് കുടുംബം താമസിച്ചിരുന്നത്. ഇന്നലെ വൈകിട്ട് ആറരയോടെ കിടപ്പുമുറിയിൽ കുട്ടിയെ തൂങ്ങിയ നിലയിൽ അമ്മ കണ്ടെത്തുകയായിരുന്നു. ഉടൻ അയൽവാസികളുടെ സഹായത്തോടെ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വിദേശത്ത് ജോലി ചെയ്യുന്ന ഷൈജുവിന്റെയും ഷിമിയുടെയും ഏക മകളാണ് ഗൗരി പാർവതി. കുട്ടിയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ സംബന്ധിച്ച് പൊലീസ് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. പരീക്ഷാഫലവുമായി ബന്ധപ്പെട്ട വിഷമം കാരണമായിരുന്നോ എന്നത് അന്വേഷണത്തിൽ വ്യക്തമാകേണ്ടതുണ്ട്.
Comments ()