'എന്താ ഇവിടെ നിക്ഷേപം വേണ്ടേ, നിലവില്‍ അഞ്ചു പൈസ കൈയിലില്ല', പിണറായി വിജയനെതിരെ മുഖ്യമന്ത്രി വിഡി സതീശന്‍
സ്വകാര്യനിക്ഷേപത്തിലൂടെ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിച്ച് പണം ഉണ്ടാക്കി ആ പണം ഉപയോഗിച്ച് പാവങ്ങളെ സഹായിക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ആക്ഷേപത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി വിഡി സതീശന്‍. പിണറായി വിജയന്‍ പറഞ്ഞത് സ്വകാര്യ നിക്ഷേപം കൊണ്ടുവരാനാണ് ഈ ബജറ്റ് എന്നാണെന്നും ആ ആക്ഷേപം ശരിയാണെന്നും ആണ് മുഖ്യമന്ത്രി പറഞ്ഞത്.
കേരളത്തില്‍ സ്വകാര്യ നിക്ഷേപം ഉണ്ടാവണം എന്നും സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുക എന്നത് തന്നെയാണ് നയമെന്നും സ്വകാര്യനിക്ഷേപത്തിലൂടെ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിച്ച് പണം ഉണ്ടാക്കി ആ പണം ഉപയോഗിച്ച് പാവങ്ങളെ സഹായിക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു.
വിഡി സതീശന്റെ വാക്കുകള്‍ ഇങ്ങനെ
'നിലവില്‍ അഞ്ചു പൈസ കൈയിലില്ല. എന്നിട്ട് പഴയതുപോലെയാകണമെന്നാണ് പറയുന്നത്. അതിനല്ല ഞങ്ങള്‍ വന്നിരിക്കുന്നത്. തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ഞങ്ങള്‍ ഇക്കാര്യം ജനങ്ങളോട് പറഞ്ഞിട്ടുണ്ട്. ഞങ്ങള്‍ അധികാരത്തില്‍ വന്നിരിക്കുന്നത് കേരളത്തെ 25 കൊല്ലം പിന്നിലേക്ക് കൊണ്ടുപോകാനല്ല.
കേരളത്തെ 25 കൊല്ലം മുന്നിലേക്ക് കൊണ്ടുപോകുന്നതിന് വേണ്ടിയാണ്. 87,000 കോടി രൂപയുടെ കടവും ഇപ്പോള്‍ കൊടുക്കേണ്ട ബാധ്യതയും അഞ്ചു ലക്ഷം കോടി രൂപയുടെ കടവുമുള്ള ഒരു സംസ്ഥാനത്തിന് ഏത് കാര്യമാണ് പബ്ലിക് സെക്ടറില്‍ തുടങ്ങാന്‍ സാധിക്കുക.
നിക്ഷേപകരെ കൊണ്ടുവരുന്നതിന് ഓരോ സംസ്ഥാനവും മത്സരിക്കുകയാണ്. എന്താ ഇവിടെ നിക്ഷേപം വേണ്ടേ. തമിഴ്നാടും കര്‍ണാടകയും മഹാരാഷ്ട്രയും. എന്നാല്‍ ഇവിടെ വരാന്‍ പാടില്ല. സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കും. അതുവഴിയെ സമ്പദ് വ്യവസ്ഥയെ മെച്ചപ്പെടുത്താന്‍ കഴിയുകയുള്ളൂ.'- വി ഡി സതീശന്‍ പറഞ്ഞു.
Comments ()