നാടിനെ ലഹരിമുക്തമാക്കൂ, 10 ലക്ഷം നേടൂ; വൻ പ്രഖ്യാപനവുമായി മുഖ്യമന്ത്രി സി. ജോസഫ് വിജയ്
ഓരോ വർഷവും 50 ഗ്രാമങ്ങൾക്ക് പാരിതോഷികം നൽകും.
മയക്കുമരുന്നിനെതിരായ പോരാട്ടം ശക്തമാക്കുന്നതിന്റെ ഭാഗമായി തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് നിയമസഭയിൽ നിർണായക പ്രഖ്യാപനങ്ങൾ നടത്തി. ലഹരിമുക്തമാകുന്ന ഗ്രാമങ്ങൾക്ക് 10 ലക്ഷം രൂപ വീതം സമ്മാനമായി നൽകുന്നതാണ് പദ്ധതി. ഇതിനായി പ്രതിവർഷം അഞ്ച് കോടി രൂപ വകയിരുത്താനും ഓരോ വർഷവും 50 ഗ്രാമങ്ങൾക്ക് ഈ പാരിതോഷികം നൽകാനുമാണ് സർക്കാരിന്റെ തീരുമാനം.
കഴിഞ്ഞ മാസം ചെന്നൈയിലെ ഒരു കോളേജിൽ നടന്ന ചടങ്ങിൽ 'ലഹരിമുക്ത തമിഴ്നാട്' എന്ന പ്രചാരണത്തിന് തുടക്കം കുറിച്ച അദ്ദേഹം, ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും സർക്കാരും വിദ്യാഭ്യാസ സ്ഥാപനങ്ങളും കുടുംബങ്ങളും യുവാക്കളും ചേർന്നുള്ള കൂട്ടായ പ്രവർത്തനം ഇതിനായി ആവശ്യമാണെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.
അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തിൽ മറീന ബീച്ചിൽ സംഘടിപ്പിച്ച ബോധവൽകരണ ഓട്ടത്തിലും മുഖ്യമന്ത്രി പങ്കെടുത്തു. അതേസമയം, മയക്കുമരുന്ന് നിർമാണം, കടത്ത്, വിപണനം എന്നിവയ്‌ക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്നതിൽ സംസ്ഥാനം മുന്നിലാണെന്നും പൊതുജനങ്ങൾക്കിടയിലും യുവാക്കളിലും വിദ്യാർത്ഥികളിലും ബോധവൽക്കരണം നടത്തി ലഹരി ഉപയോഗം കുറയ്ക്കാൻ സർവ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും പോലീസ് അറിയിച്ചു.
Comments ()