ചാർട്ടേഡ് വിമാനത്തിന് ചെലവിട്ടത് ആര്?; സർക്കാരിനോട് ചോദ്യമുയർത്തി എസ്എഫ്ഐ

സ്വകാര്യ വ്യക്തികളിൽനിന്നോ സ്ഥാപനങ്ങളിൽനിന്നോ സൗജന്യമായി ലഭിക്കുന്ന സൗകര്യങ്ങൾ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് വ്യക്തത വേണമെന്നാണ് സിപിഐഎം സംസ്ഥാന കമ്മിറ്റി ക്ഷണിതാവ് കൂടിയായ സഞ്ജീവിന്റെ പ്രതികരണം

ചാർട്ടേഡ് വിമാനത്തിന് ചെലവിട്ടത് ആര്?; സർക്കാരിനോട് ചോദ്യമുയർത്തി എസ്എഫ്ഐ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മലപ്പുറം യാത്രയ്ക്കായി ചാർട്ടേഡ് വിമാനം ഏർപ്പെടുത്തിയതുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ വിമർശനവുമായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ്. സ്വകാര്യ വ്യക്തികളിൽനിന്നോ സ്ഥാപനങ്ങളിൽനിന്നോ സൗജന്യമായി ലഭിക്കുന്ന സൗകര്യങ്ങൾ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് വ്യക്തത വേണമെന്നാണ് സിപിഐഎം സംസ്ഥാന കമ്മിറ്റി ക്ഷണിതാവ് കൂടിയായ സഞ്ജീവിന്റെ പ്രതികരണം.

ചാർട്ടേഡ് വിമാനത്തിന്റെ ചെലവ് ഒരു സ്പോൺസറാണ് വഹിക്കുന്നതെന്ന വിശദീകരണത്തെ ചോദ്യം ചെയ്താണ് സഞ്ജീവ് രംഗത്തെത്തിയത്. ആരാണ് സ്പോൺസർഷിപ്പ് നൽകിയതെന്നും എന്ത് സാഹചര്യത്തിലാണ് സൗജന്യമായി വിമാനം ലഭിച്ചതെന്നും വ്യക്തമാക്കേണ്ടതുണ്ടെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ ആവശ്യപ്പെട്ടു. ഇത്തരം സൗജന്യ യാത്രകൾ സ്വീകരിക്കുന്നത് സത്യപ്രതിജ്ഞാ ലംഘനത്തിന് ഇടയാക്കുമെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു.

സർക്കാരിന് അധിക സാമ്പത്തിക ബാധ്യതയില്ലെന്ന വാദം ഉയർത്തി വിഷയത്തെ ന്യായീകരിക്കാനുള്ള ശ്രമമാണ് കോൺഗ്രസും മുസ്ലിം ലീഗും നടത്തുന്നതെന്നും സഞ്ജീവ് ആരോപിച്ചു. എന്നാൽ വിമാനത്തിന്റെ ചെലവ് ആരാണ് വഹിക്കുന്നതെന്നും അതിന് പിന്നിലെ കാരണം എന്താണെന്നും വ്യക്തമാക്കാതെ വിഷയമുന്നയിക്കുന്നവരെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന സമീപനമാണ് യുഡിഎഫ് കേന്ദ്രങ്ങളിൽനിന്നുണ്ടാകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സ്പോൺസർഷിപ്പിനെ ആശ്രയിച്ചുള്ള ഭരണരീതിയാണോ യുഡിഎഫ് മുന്നോട്ടുവയ്ക്കുന്നതെന്നും സഞ്ജീവ് ചോദിച്ചു. സംസ്ഥാനത്തിന്റെ ആസ്തികൾ പോലും സ്വകാര്യ താൽപര്യങ്ങൾക്ക് വിട്ടുനൽകിയാലും സഖ്യകക്ഷികൾ അതിനെ ന്യായീകരിക്കുമെന്ന പരിഹാസവും അദ്ദേഹം ഉന്നയിച്ചു. നിയമസഭ, ബജറ്റ്, സെക്രട്ടേറിയറ്റ് തുടങ്ങിയ ഔദ്യോഗിക സംവിധാനങ്ങൾക്ക് പകരം സ്പോൺസർഷിപ്പിലൂടെ ഭരണനടപടികൾ മുന്നോട്ടുകൊണ്ടുപോകുന്ന മാതൃകയാണോ ഇതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു.

അതേസമയം, മലപ്പുറത്തെ മഴക്കെടുതി വിലയിരുത്താനായിരുന്നു മുഖ്യമന്ത്രിയുടെ യാത്ര. കരിപ്പൂരിലേക്ക് സാധാരണ യാത്രാവിമാനങ്ങൾ ലഭ്യമല്ലാത്ത സാഹചര്യത്തിൽ സർക്കാരിന്റെ അഭ്യർഥന പ്രകാരം സ്വകാര്യ വിമാനം സൗജന്യമായി ലഭിച്ചതാണെന്നും സംസ്ഥാനത്തിന് അധിക ചെലവൊന്നും ഉണ്ടായിട്ടില്ലെന്നുമാണ് സർക്കാർ വൃത്തങ്ങൾ വിശദീകരിച്ചത്.