ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; നാളെ മുതല്‍ മഴ വീണ്ടും ശക്തമാകും
നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട് നല്‍കിയിട്ടുണ്ട്
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ശക്തികൂടിയ ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി മാറുന്നതിന്റെയും മധ്യ തമിഴ്‌നാടിന് മുകളിലുള്ള ചക്രവാതച്ചുഴിയുടെയും സ്വാധീനത്താൽ കേരളത്തിൽ നാളെ മുതൽ മഴ വീണ്ടും ശക്തമാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് പ്രത്യേക മഴ മുന്നറിയിപ്പുകളൊന്നുമില്ലെങ്കിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടും മണിക്കൂറിൽ 30-40 കി.മീ വേഗതയിലുള്ള കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.
തുടർന്ന് നാളെ (സെപ്റ്റംബർ 23) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ തെക്കൻ ജില്ലകളിലും 24-ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ വടക്കൻ ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലുള്ള ന്യൂനമർദ്ദം അടുത്ത 24 മണിക്കൂറിനുള്ളിൽ തീവ്ര ന്യൂനമർദ്ദമായും (Depression), തുടർന്ന് അതിതീവ്ര ന്യൂനമർദ്ദമായും (Deep Depression) മാറി സെപ്റ്റംബർ 23 രാവിലെയോടെ വടക്കൻ ആന്ധ്രപ്രദേശ് - തെക്കൻ ഒഡീഷ തീരങ്ങളിലേക്ക് നീങ്ങുമെന്നാണ് പ്രവചനം.
ഇതിന്റെ ഫലമായി സെപ്റ്റംബർ 25 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴ തുടരും. അതേസമയം, മഴ മുന്നറിയിപ്പുകൾക്കിടയിലും സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് അയവുവന്നിട്ടില്ല. ദീർഘകാല കരാറിലെ 380 മെഗാവാട്ടും സ്വാപ് വഴി ലഭിക്കേണ്ട 200 മെഗാവാട്ടും മുടങ്ങിയതിനെത്തുടർന്ന് 500 മെഗാവാട്ടിന്റെ കുറവുണ്ടായതാണ് പ്രതിസന്ധിക്ക് കാരണമായതെന്ന് കെ.എസ്.ഇ.ബി വ്യക്തമാക്കി. ഉപഭോഗം ഉയർന്ന നിലയിൽ തുടർന്നാൽ ഇന്നും സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടാകാൻ സാധ്യതയുണ്ട്.
Comments ()