കേരളത്തിനും തമിഴ്നാടിനും നേട്ടം; കൊച്ചി-തൂത്തുക്കുടി ഗ്യാസ് പൈപ്പ് ലൈൻ വരുന്നു

കന്യാകുമാരി വഴിയാണ് കൊച്ചിയിൽ നിന്ന് തൂത്തുക്കുടിയിലേക്ക് പൈപ്പ് ലൈൻ കടന്നുപോകുക. ആകെ 426.65 കിലോമീറ്ററാണ് ശൃംഖലയുടെ നീളം. പൈപ്പ് ലൈൻ പ്രവർത്തനക്ഷമമാകുന്നതോടെ ദിവസേന 6.84 മില്യൺ മെട്രിക് സ്റ്റാൻഡേർഡ് ക്യുബിക് മീറ്റർ പ്രകൃതിവാതകം കൈമാറാനുള്ള ശേഷിയുണ്ടാകും

കേരളത്തിനും തമിഴ്നാടിനും നേട്ടം; കൊച്ചി-തൂത്തുക്കുടി ഗ്യാസ് പൈപ്പ് ലൈൻ വരുന്നു

കൊച്ചി: ദക്ഷിണേന്ത്യയിലെ പ്രകൃതിവാതക വിതരണ ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി കൊച്ചി–തൂത്തുക്കുടി വാതക പൈപ്പ് ലൈൻ പദ്ധതിയുമായി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി). 2,448.70 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന പദ്ധതിക്ക് തിങ്കളാഴ്ച ചേർന്ന ഐഒസി യോഗമാണ് നിക്ഷേപാനുമതി നൽകിയത്.

കന്യാകുമാരി വഴിയാണ് കൊച്ചിയിൽ നിന്ന് തൂത്തുക്കുടിയിലേക്ക് പൈപ്പ് ലൈൻ കടന്നുപോകുക. ആകെ 426.65 കിലോമീറ്ററാണ് ശൃംഖലയുടെ നീളം. പൈപ്പ് ലൈൻ പ്രവർത്തനക്ഷമമാകുന്നതോടെ ദിവസേന 6.84 മില്യൺ മെട്രിക് സ്റ്റാൻഡേർഡ് ക്യുബിക് മീറ്റർ പ്രകൃതിവാതകം കൈമാറാനുള്ള ശേഷിയുണ്ടാകും. ഇതിൽ 17.1 ലക്ഷം മെട്രിക് സ്റ്റാൻഡേർഡ് ക്യുബിക് മീറ്റർ മറ്റ് വിതരണക്കാർക്ക് ഉപയോഗിക്കാവുന്ന കോമൺ കാരിയർ ശേഷിയായിരിക്കും.

കേരളത്തിന്റെയും തമിഴ്നാടിന്റെ തെക്കൻ മേഖലകളുടെയും പ്രകൃതിവാതക ആവശ്യകത നിറവേറ്റുന്നതിന് പദ്ധതിക്ക് പ്രധാന പങ്കുണ്ടാകുമെന്നാണ് വിലയിരുത്തൽ. വീടുകളിലേക്കുള്ള സിറ്റി ഗ്യാസ് വിതരണം വർധിപ്പിക്കുന്നതിനൊപ്പം വ്യവസായ സ്ഥാപനങ്ങൾ, വാണിജ്യ കേന്ദ്രങ്ങൾ, വൈദ്യുതി നിലയങ്ങൾ തുടങ്ങിയവയ്ക്കും കൂടുതൽ സ്ഥിരമായ വാതകവിതരണം ഉറപ്പാക്കുകയാണ് ലക്ഷ്യം. നിലവിൽ റോഡ് മാർഗം ടാങ്കറുകളിൽ പ്രകൃതിവാതകം എത്തിക്കുന്ന സംവിധാനത്തിന് പകരം 2030ഓടെ പൈപ്പ് ലൈൻ ശൃംഖലയെ കൂടുതൽ ആശ്രയിക്കാനും പദ്ധതി ലക്ഷ്യമിടുന്നു.

പുതിയ പൈപ്പ് ലൈൻ കൊച്ചിയിലെ പെട്രോനെറ്റ് എൽഎൻജി ടെർമിനലിന്റെ ശേഷി കൂടുതൽ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിനും സഹായിക്കും. പ്രകൃതിവാതകത്തിന്റെ ഉപയോഗം വർധിപ്പിക്കുന്നതിലൂടെ കൂടുതൽ കാർബൺ പുറന്തള്ളുന്ന ഇന്ധനങ്ങളോടുള്ള ആശ്രിതത്വം കുറയ്ക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷ. പദ്ധതിക്ക് പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് റെഗുലേറ്ററി ബോർഡിന്റെ അനുമതി നേരത്തെ ലഭിച്ചിരുന്നു.

അതേസമയം, പൈപ്പ് ലൈൻ നിർമാണം എപ്പോൾ ആരംഭിക്കുമെന്നോ എന്ന് പൂർത്തിയാക്കി കമ്മിഷൻ ചെയ്യുമെന്നോ ഐഒസി വ്യക്തമാക്കിയിട്ടില്ല. പദ്ധതിക്കായി പണം കണ്ടെത്തുന്ന രീതിയും പ്രഖ്യാപിച്ചിട്ടില്ല. കൊച്ചിയിൽ നിന്ന് മംഗളൂരുവിലേക്ക് നിലവിലുള്ള പ്രകൃതിവാതക ശൃംഖലയ്ക്ക് പിന്നാലെയാണ് തെക്കൻ മേഖലയെ ലക്ഷ്യമിട്ടുള്ള പുതിയ പദ്ധതി. ഗെയിൽ നിർമിച്ച ഏകദേശം 450 കിലോമീറ്റർ കൊച്ചി–മംഗളൂരു പൈപ്പ് ലൈൻ 2021ലാണ് കമ്മിഷൻ ചെയ്തത്.