കാറിടിച്ച് മരിച്ച പെൺകുട്ടികളെ അധിക്ഷേപിച്ചെന്ന് പരാതി; കെ.പി. ശശികലക്കെതിരെ പൊലീസ് സ്റ്റേഷനിൽ പരാതി

അപകടത്തിൽ മരിച്ച ഗോപികയുടെ കുടുംബത്തിനെതിരെ മാനനഷ്ടക്കേസ് നൽകുമെന്ന് ശശികല നേരത്തെ വ്യക്തമാക്കിയിരുന്നു. ശശികല ഫോണിൽ വിളിച്ചെന്നും കുടുംബം ആരോപിച്ചിരുന്നു

കാറിടിച്ച് മരിച്ച പെൺകുട്ടികളെ അധിക്ഷേപിച്ചെന്ന് പരാതി; കെ.പി. ശശികലക്കെതിരെ പൊലീസ് സ്റ്റേഷനിൽ പരാതി

കൊച്ചി: നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ കാറിടിച്ച് മരിച്ച യുവതികളെ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്നാരോപിച്ച് ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികലയ്ക്കെതിരെ പരാതി. ആലുവയിലെ സിപിഐ നേതാവ് ഷിഹാബ് പറേലിയാണ് നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. അപകടത്തിൽ മരിച്ചവരെക്കുറിച്ചുള്ള ശശികലയുടെ പരാമർശങ്ങൾ വിവാദമായതിന് പിന്നാലെയാണ് നടപടി.

അപകടത്തിൽ മരിച്ച ഗോപികയുടെ കുടുംബത്തിനെതിരെ മാനനഷ്ടക്കേസ് നൽകുമെന്ന് ശശികല നേരത്തെ വ്യക്തമാക്കിയിരുന്നു. ശശികല ഫോണിൽ വിളിച്ചെന്നും കുടുംബം ആരോപിച്ചിരുന്നു. അപകടത്തിൽ മരിച്ച പെൺകുട്ടികളെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾക്കെതിരെ ഗോപികയുടെ ബന്ധുക്കൾ രംഗത്തെത്തുകയും ചെയ്തിരുന്നു.

ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെയാണ് യുവതികൾ അപകടത്തിൽപ്പെട്ടതെന്നും സംഭവത്തെ വർഗീയവൽക്കരിക്കാനും മരിച്ച പെൺകുട്ടികളുടെ സ്വഭാവത്തെക്കുറിച്ച് അപകീർത്തികരമായ പ്രചാരണം നടത്താനുമാണ് ശശികല ശ്രമിക്കുന്നതെന്നും ഗോപികയുടെ അച്ഛൻ പ്രദീപ് കുമാർ, അമ്മ സജിത, പിതൃസഹോദരൻ എം.ആർ. അനിൽകുമാർ എന്നിവർ ആരോപിച്ചു. സംഭവത്തിൽ പരാതി ലഭിച്ച സാഹചര്യത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.