പ്രിയദർശിനി സൗജന്യ യാത്രക്കെതിരെ സിസിഐയിൽ പരാതി; 750 സ്വകാര്യ ബസുകൾ സർവീസ് നിർത്തിയെന്ന് ആരോപണം
ബിബിൻ ടി. ആലപ്പാട്ടാണ് സിസിഐയെ സമീപിച്ചത്. ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ തൃശൂർ ജില്ലാ പ്രസിഡന്റായ ഇദ്ദേഹം ബസ് ഉടമകളുടെ കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ സംസ്ഥാന പ്രസിഡന്റുമാണ്. സർക്കാർ നടപ്പാക്കിയ പദ്ധതിക്കെതിരെ മത്സരനിയമത്തിന്റെ അടിസ്ഥാനത്തിൽ സിസിഐ ഇടപെടണമെന്നാണ് ഹർജിയിലെ ആവശ്യം.
കൊച്ചി: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ നടപ്പാക്കുന്ന ‘പ്രിയദർശിനി’ സൗജന്യ യാത്രാപദ്ധതിക്കെതിരെ നിയമനടപടിക്ക് തുടക്കം. പദ്ധതി അടിയന്തരമായി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂർ സ്വദേശിയായ സ്വകാര്യ ബസ് ഉടമ കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയെ (സിസിഐ) സമീപിച്ചു. പരാതി സിസിഐ ഫയലിൽ സ്വീകരിച്ചതോടെയാണ് പദ്ധതിയുടെ നിയമസാധുത ചോദ്യം ചെയ്ത് പുതിയ തർക്കത്തിന് വഴിയൊരുങ്ങിയത്.
ബിബിൻ ടി. ആലപ്പാട്ടാണ് സിസിഐയെ സമീപിച്ചത്. ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ തൃശൂർ ജില്ലാ പ്രസിഡന്റായ ഇദ്ദേഹം ബസ് ഉടമകളുടെ കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ സംസ്ഥാന പ്രസിഡന്റുമാണ്. സർക്കാർ നടപ്പാക്കിയ പദ്ധതിക്കെതിരെ മത്സരനിയമത്തിന്റെ അടിസ്ഥാനത്തിൽ സിസിഐ ഇടപെടണമെന്നാണ് ഹർജിയിലെ ആവശ്യം.
സ്വകാര്യ ബസുകളുമായി നേരിട്ട് മത്സരിക്കുന്ന കെഎസ്ആർടിസിക്ക് സർക്കാർ പദ്ധതിയിലൂടെ അനുകൂല സാഹചര്യം സൃഷ്ടിക്കപ്പെടുന്നുവെന്നാണ് പരാതിയിലെ പ്രധാന ആരോപണം. യാത്ര സൗജന്യമാക്കിയതോടെ സ്വകാര്യ ബസുകളിലെ യാത്രക്കാർ വലിയ തോതിൽ കെഎസ്ആർടിസിയിലേക്ക് മാറിയെന്നും ഇതുമൂലം സ്വകാര്യ മേഖലയുടെ വരുമാനം ഗണ്യമായി കുറഞ്ഞെന്നും ഹർജിയിൽ പറയുന്നു.
സൗജന്യ യാത്ര എന്ന ആനുകൂല്യം മാത്രമാണ് യാത്രക്കാരെ കെഎസ്ആർടിസിയിലേക്ക് മാറ്റാൻ പ്രധാന കാരണമായതെന്നും സ്വകാര്യ ബസുകൾക്ക് ഇതോടെ തുല്യമായ മത്സര സാഹചര്യം നഷ്ടപ്പെട്ടെന്നും പരാതിക്കാരൻ ചൂണ്ടിക്കാട്ടി.
പദ്ധതി നടപ്പാക്കിയതിന് പിന്നാലെ സ്വകാര്യ ബസ് സർവീസുകളുടെ സാമ്പത്തിക ബാധ്യത വർധിച്ചെന്നും സർവീസ് നടത്തുന്നത് പല ഉടമകൾക്കും നഷ്ടത്തിലായെന്നും ഹർജിയിൽ ആരോപിക്കുന്നു. ഇതുവരെ ഏകദേശം 750 സ്വകാര്യ ബസുകൾ സർവീസ് അവസാനിപ്പിച്ചിട്ടുണ്ടെന്നും ഇത് തുടർന്നാൽ മേഖലയിൽ വലിയ പ്രതിസന്ധിയുണ്ടാകുമെന്നും പരാതിയിൽ പറയുന്നു.
സ്വകാര്യ ബസ് സർവീസുകളുടെ എണ്ണം കുറയുന്നത് ഈ മേഖലയെ ആശ്രയിച്ച് ജോലി ചെയ്യുന്ന ആയിരക്കണക്കിന് ആളുകളുടെ തൊഴിൽ നഷ്ടത്തിനും കാരണമാകുമെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സ്ത്രീ യാത്രക്കാരുൾപ്പെടെ കൂടുതൽ പേർ സൗജന്യ യാത്രയുടെ ആനുകൂല്യം ലഭിക്കുന്നതിനായി കെഎസ്ആർടിസിയിലേക്ക് മാറുന്നത് സ്വകാര്യ ബസുകളുടെ സാമ്പത്തിക പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുകയാണെന്നും പരാതിക്കാരൻ വ്യക്തമാക്കി.
Comments ()