മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവം; ഡി സി സി അംഗം ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി
പാർട്ടിയിലെ ആഭ്യന്തര തർക്കമാണ് പ്രതിഷേധത്തിന് പിന്നിലെന്നും മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നുമുള്ള അനിലിന്റെ വിശദീകരണം നേതൃത്വം അംഗീകരിച്ചില്ല
തിരുവനന്തപുരം: ചതയ ദിനാഘോഷവുമായി ബന്ധപ്പെട്ട പരിപാടിയിൽ മുഖ്യമന്ത്രി വി ഡി സതീശന്റെ വാഹനം തടഞ്ഞ സംഭവത്തിൽ അറസ്റ്റിലായ ഡി സി സി അംഗം ചേന്തി അനിലിനെ കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. കെ പി സി സി അധ്യക്ഷന്റെ നിർദേശത്തെ തുടർന്നാണ് തിരുവനന്തപുരം ഡി സി സി പ്രസിഡന്റ് എൻ. ശക്തൻ നടപടിയെടുത്തത്.
മുഖ്യമന്ത്രിയുടെ വാഹനം റോഡിൽ തടഞ്ഞുനിർത്തിയ നടപടി ഗുരുതരമായ അച്ചടക്കലംഘനമാണെന്നാണ് കോൺഗ്രസ് നേതൃത്വം വിലയിരുത്തിയത്. പാർട്ടിയിലെ ആഭ്യന്തര തർക്കമാണ് പ്രതിഷേധത്തിന് പിന്നിലെന്നും മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നുമുള്ള അനിലിന്റെ വിശദീകരണം നേതൃത്വം അംഗീകരിച്ചില്ല.
ഒരു ഡി സി സി അംഗം മുഖ്യമന്ത്രിയെ പരസ്യമായി തടഞ്ഞുനിർത്തിയ സംഭവം പാർട്ടിക്ക് അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് നേതൃത്വം. വിഷയത്തിൽ അനിലിന് പിന്തുണയുമായി മുതിർന്ന നേതാക്കളോ വിവിധ ഗ്രൂപ്പുകളോ രംഗത്തെത്തിയില്ല. അനിലിന്റെ ചില നടപടികളും അദ്ദേഹത്തിനെതിരായ കേസുകളും നേരത്തെ തന്നെ വിവാദമായിരുന്നുവെന്നും ഇതാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പരിപാടിയിൽ നിന്ന് വിട്ടുനിൽക്കാൻ കാരണമായതെന്നും കോൺഗ്രസ് നേതാക്കൾ പറയുന്നു.
Comments ()