ലഹരിക്കെതിരെ നടപടി ശക്തമാകുമ്പോൾ സ്റ്റേഷനിൽ നിന്ന് ഹാൻസ് മോഷണം; പൊലീസുകാരന് സസ്പെൻഷൻ

ജൂൺ ഏഴിന് ബത്തേരി ദൊട്ടപ്പകുളത്ത് നിന്ന് പിടികൂടിയ നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് പിന്നീട് സ്റ്റേഷനിലെ സ്റ്റോർ റൂമിൽ സൂക്ഷിച്ചിരുന്നത്. ജൂൺ 26ന് ഇവ കോടതിയിൽ ഹാജരാക്കിയതിന് ശേഷമായിരുന്നു ഏഴ് ചാക്ക് ഹാൻസ് സ്റ്റേഷനിൽ സൂക്ഷിച്ചത്

ലഹരിക്കെതിരെ നടപടി ശക്തമാകുമ്പോൾ സ്റ്റേഷനിൽ നിന്ന് ഹാൻസ് മോഷണം; പൊലീസുകാരന് സസ്പെൻഷൻ

വയനാട്: സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിലെ സ്റ്റോർ റൂമിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ മോഷ്ടിച്ച സംഭവത്തിൽ പൊലീസുകാരനെ സസ്പെൻഡ് ചെയ്തു. സീനിയർ സിവിൽ പൊലീസ് ഓഫീസർ സബിത്തിനെയാണ് അന്വേഷണത്തിന്റെ ഭാഗമായി സസ്പെൻഡ് ചെയ്തത്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ ഇയാൾക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്ന് ബത്തേരി ഡിവൈഎസ്പി ശുപാർശ ചെയ്തിരുന്നു.

ജൂൺ ഏഴിന് ബത്തേരി ദൊട്ടപ്പകുളത്ത് നിന്ന് പിടികൂടിയ നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് പിന്നീട് സ്റ്റേഷനിലെ സ്റ്റോർ റൂമിൽ സൂക്ഷിച്ചിരുന്നത്. ജൂൺ 26ന് ഇവ കോടതിയിൽ ഹാജരാക്കിയതിന് ശേഷമായിരുന്നു ഏഴ് ചാക്ക് ഹാൻസ് സ്റ്റേഷനിൽ സൂക്ഷിച്ചത്. എന്നാൽ കഴിഞ്ഞ പത്താം തീയതി റൈറ്ററും അസിസ്റ്റന്റ് റൈറ്ററും നടത്തിയ പരിശോധനയിലാണ് തൊണ്ടിമുതലിൽ ഏഴ് ചാക്ക് ഹാൻസ് കാണാനില്ലെന്ന് കണ്ടെത്തിയത്.

സ്റ്റോർ റൂമിന്റെ താക്കോൽ ഉപയോഗിച്ചാണ് സാധനങ്ങൾ പുറത്തേക്ക് കടത്തിയതെന്ന് വ്യക്തമായതോടെ സ്റ്റേഷനിലെ ജീവനക്കാരെ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം. ജൂലൈ 18ന് രാത്രി 12 മണിക്ക് ശേഷമാണ് സബിത്ത് ഹാൻസ് മോഷ്ടിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ജിഡി ചുമതലയിലുണ്ടായിരുന്ന ഇയാൾ സ്വന്തം കാറിൽ ഏഴ് ചാക്ക് ഹാൻസ് കടത്തിയെന്നാണ് പൊലീസ് പറയുന്നത്. സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണത്തിൽ നിർണായകമായത്.

ഓണത്തിന് ശേഷം മെഡിക്കൽ ലീവിലായിരുന്ന സബിത്ത് നിലവിൽ ഒളിവിലാണ്. ഇയാളെ കണ്ടെത്താനുള്ള നടപടികൾ പൊലീസ് തുടരുകയാണ്. ലഹരിക്കെതിരെ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിനിടെയാണ് പൊലീസ് സ്റ്റേഷനിൽ നിന്ന് തന്നെ തൊണ്ടിമുതലായ നിരോധിത പുകയില ഉൽപ്പന്നങ്ങൾ മോഷണം പോയത്. സംഭവം പൊലീസ് സേനയ്ക്കാകെ വലിയ നാണക്കേടായി.