നാല് വർഷത്തിന് ശേഷം വീണ്ടും കൊവിഡ് മരണം; കേരളവും ആന്ധ്രയും ജാഗ്രതയിൽ, രോഗബാധിതർ വർദ്ധിക്കുന്നു
ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ കേരളത്തിൽ
അമരാവതി: രാജ്യത്ത് കൊവിഡ് ഭീതി ഒഴിഞ്ഞതിന് ശേഷം നാല് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ആന്ധ്രപ്രദേശില്‍ വീണ്ടും കൊവിഡ് കേസുകളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത് ആശങ്കയുണ്ടാക്കുന്നു. കഴിഞ്ഞ മൂന്ന് ആഴ്ചയ്ക്കിടെ സംസ്ഥാനത്ത് നാല് മരണങ്ങളും 12 പുതിയ കേസുകളും സ്ഥിരീകരിച്ചു. ജൂണ്‍ 26 നും ജൂലൈ 16 നും ഇടയിലാണ് ഈ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. രോഗബാധിതര്‍ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ളവരായതിനാല്‍ നിലവില്‍ സമൂഹവ്യാപന സാധ്യതയില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
മരണപ്പെട്ട നാല് പേര്‍ക്കും പ്രമേഹം, അമിത രക്തസമ്മര്‍ദ്ദം, വൃക്കരോഗം തുടങ്ങിയ ഗുരുതരമായ ഇതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സെക്രട്ടറി ജി വീരപാണ്ഡ്യന്‍ അറിയിച്ചു. ഇതില്‍ കടപ്പയില്‍ നിന്നുള്ള ഒരു രോഗി തമിഴ്നാട്ടിലെ വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. കാക്കിനാഡയില്‍ മരണപ്പെട്ടത് ഒരു പെണ്‍കുട്ടിയാണെന്നാണ് പ്രാദേശിക വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. നിലവില്‍ രോഗബാധിതരായവരില്‍ നിന്ന് ശേഖരിച്ച സാമ്പിളുകള്‍ വൈറസിന്റെ വകഭേദം തിരിച്ചറിയുന്നതിനായി പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് ജനിതക ശ്രേണീകരണത്തിനായി അയച്ചിട്ടുണ്ട്.
Comments ()