ധനുഷ് രാഷ്ട്രീയത്തിലേക്ക്? തമിഴ്നാട്ടിൽ പുതിയ രാഷ്ട്രീയ കൊടുങ്കാറ്റ്!തുടക്കത്തിലെ പ്രതിരോധിക്കാൻ ടിവികെ

ധനുഷിന്റെ നീക്കങ്ങളെ ബിജെപിയുടെ ‘ഓപ്പറേഷൻ ഡി’ എന്നു വിശേഷിപ്പിച്ചു കോൺഗ്രസ് രംഗത്തെത്തി.

ധനുഷ് രാഷ്ട്രീയത്തിലേക്ക്? തമിഴ്നാട്ടിൽ പുതിയ രാഷ്ട്രീയ കൊടുങ്കാറ്റ്!തുടക്കത്തിലെ പ്രതിരോധിക്കാൻ ടിവികെ

ചെന്നൈ: തമിഴ് സിനിമാതാരം ധനുഷ് സജീവ രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കുന്നുവെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നു. വിജയിയുടെ രാഷ്ട്രീയപ്രവേശനത്തിന് സമാനമായി, സ്വന്തം ഫാൻസ് അസോസിയേഷനായ 'ധനുഷ് നർപ്പണി മൻറം' പേരുമാറ്റി 'ധനുഷ് നർപ്പണി ഇയക്കം' എന്ന പേരിൽ ക്ഷേമപ്രവർത്തനങ്ങൾക്കുള്ള സംഘടനയാക്കി മാറ്റിയതോടെയാണ് തമിഴകത്ത് രാഷ്ട്രീയ ചർച്ചകൾ ചൂടുപിടിച്ചത്.

എന്നാൽ, ധനുഷിന്റെ ഈ നീക്കങ്ങൾക്ക് പിന്നിൽ ബിജെപിയും ആർഎസ്എസുമാണെന്ന ഗുരുതര ആരോപണവുമായി കോൺഗ്രസും വിജയിയുടെ പാർട്ടിയായ തമിഴക വെട്രി കഴകവും രംഗത്തെത്തി. ധനുഷിന്റെ നീക്കങ്ങൾ ബിജെപിയുടെ ‘ഓപ്പറേഷൻ ഡി’ അല്ലെങ്കിൽ ‘പ്ലാൻ സി’ എന്ന രഹസ്യ തന്ത്രത്തിന്റെ ഭാഗമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ ബി. മാണിക്യം ടഗോർ കുറ്റപ്പെടുത്തി. ധനുഷിന് പിന്നിൽ ഡൽഹിയിലെ ഉന്നത നേതൃത്വമാണെന്ന് ടിവികെ ജനറൽ സെക്രട്ടറി ആദവ് അർജുന ആരോപിച്ചപ്പോൾ, ധനുഷിന് ഒരിക്കലും വിജയിന്റെ രാഷ്ട്രീയ എതിരാളിയാകാൻ കഴിയില്ലെന്നായിരുന്നു തമിഴ്‌നാട് ധനമന്ത്രി എൻ. മരിയ വിൽസണിന്റെ പ്രതികരണം.

കഴിഞ്ഞദിവസം ധനുഷ് നർപ്പണി ഇയക്കം സംഘടിപ്പിച്ച വനിതാ വിഭാഗത്തിന്റെ പരിപാടിയിൽ താരം നാലു മണിക്കൂറോളം ചെലവഴിച്ചിരുന്നു. രാഷ്ട്രീയ പാർട്ടികളുടെ സമ്മേളനങ്ങൾക്ക് സമാനമായി സംഘടിപ്പിച്ച ഈ ചടങ്ങിൽ വിതരണം ചെയ്ത സമ്മാനങ്ങളിൽ ബിജെപിയുടെ താമര ചിഹ്നം ആലേഖനം ചെയ്തിരുന്നതായും ആരോപണമുയർന്നിട്ടുണ്ട്.

അതേസമയം, ധനുഷിനെ അനുകൂലിച്ചും തമിഴ്‌നാട്ടിലെ പ്രമുഖ പാർട്ടികൾ രംഗത്തെത്തിയിട്ടുണ്ട്. വിജയിന് രാഷ്ട്രീയത്തിലേക്ക് വരാമെങ്കിൽ ധനുഷിനും വരാമെന്ന് ഡിഎംകെ മുതിർന്ന നേതാവും മുൻ മന്ത്രിയുമായ എസ്. രഘുപതി അഭിപ്രായപ്പെട്ടു. അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തുന്ന ധനുഷിന്റെ സിനിമകളെ പരാമർശിച്ചുകൊണ്ട്, അണ്ണാഡിഎംകെ മുതിർന്ന നേതാവ് കെ.ടി. രാജേന്ദ്ര ബാലാജി താരത്തെ സ്വന്തം പാർട്ടിയിലേക്ക് ക്ഷണിക്കുകയും ചെയ്തു.

ധനുഷിന്റെ പുതിയ നീക്കങ്ങൾ തമിഴകത്തെ പരമ്പരാഗത രാഷ്ട്രീയ പാർട്ടികളെയും പുതിയ രാഷ്ട്രീയ കൂട്ടുകെട്ടുകളെയും ഒരുപോലെ അസ്വസ്ഥമാക്കുന്നുണ്ടെന്നാണ് നിലവിലെ സൂചനകൾ വ്യക്തമാക്കുന്നത്.