ക്രെഡിറ്റ് സ്‌കോർ ആശങ്ക; കോതമംഗലത്ത് എൻജിനീയറിങ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി

ക്രെഡിറ്റ് സ്‌കോർ സംബന്ധിച്ച ആശങ്കയാണ് മരണത്തിന് പിന്നിലെന്നാണ് വിദ്യാർഥികൾ ആരോപിക്കുന്നത്. കോളജിൽ നിശ്ചയിച്ചിട്ടുള്ള കുറഞ്ഞ ക്രെഡിറ്റ് സ്‌കോർ നേടാനാകാത്തതിനെ തുടർന്ന് ഇയർഔട്ട് ആകുമെന്ന ഭയത്തിലായിരുന്നു മിർപ്പുവെന്നും വിദ്യാർഥികൾ പറയുന്നു

ക്രെഡിറ്റ് സ്‌കോർ ആശങ്ക; കോതമംഗലത്ത് എൻജിനീയറിങ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി: കോതമംഗലം എംഎ കോളജിലെ രണ്ടാം വർഷ എൻജിനീയറിങ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിദ്യാർഥികൾക്കിടയിൽ പ്രതിഷേധം ശക്തം. അരുണാചൽ പ്രദേശ് സ്വദേശിയായ മിച്ചി മിർപ്പുവിനെയാണ് ശനിയാഴ്ച വൈകിട്ട് കോളജിന് സമീപത്തെ പേയിങ് ഗസ്റ്റ് താമസസ്ഥലത്ത് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

ക്രെഡിറ്റ് സ്‌കോർ സംബന്ധിച്ച ആശങ്കയാണ് മരണത്തിന് പിന്നിലെന്നാണ് വിദ്യാർഥികൾ ആരോപിക്കുന്നത്. കോളജിൽ നിശ്ചയിച്ചിട്ടുള്ള കുറഞ്ഞ ക്രെഡിറ്റ് സ്‌കോർ നേടാനാകാത്തതിനെ തുടർന്ന് ഇയർഔട്ട് ആകുമെന്ന ഭയത്തിലായിരുന്നു മിർപ്പുവെന്നും വിദ്യാർഥികൾ പറയുന്നു. സംഭവസ്ഥലത്തുനിന്ന് മൂന്ന് പേജുള്ള ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.

ക്രെഡിറ്റ് സ്‌കോറുമായി ബന്ധപ്പെട്ട കോളജ് മാനേജ്‌മെന്റിന്റെ തീരുമാനത്തിനെതിരെയാണ് വിദ്യാർഥികളുടെ പ്രതിഷേധം. മറ്റ് എൻജിനീയറിങ് കോളജുകളിൽ കുറഞ്ഞ ക്രെഡിറ്റ് സ്‌കോർ 18 ആണെന്നും എംഎ കോളജിൽ ഇത് 22 ആയി നിശ്ചയിച്ചിരിക്കുകയാണെന്നും വിദ്യാർഥികൾ ആരോപിച്ചു. സ്‌കോർ കുറയ്ക്കണമെന്ന ആവശ്യം മാനേജ്‌മെന്റ് അംഗീകരിച്ചില്ലെന്നും മന്ത്രിയടക്കം ഇടപെട്ടിട്ടും തീരുമാനത്തിൽ മാറ്റമുണ്ടായില്ലെന്നും വിദ്യാർഥികൾ വ്യക്തമാക്കി.

ഇയർബാക്ക് സംബന്ധിച്ച ആശങ്കകൾ നേരത്തെ തന്നെ വിദ്യാർഥികൾക്കിടയിൽ നിലനിന്നിരുന്നുവെന്നാണ് വിവരം. ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള വിവിധ കോളജുകളിൽ ഇയർബാക്ക് പിൻവലിച്ച സാഹചര്യത്തിലും എംഎ കോളജിൽ 22 ക്രെഡിറ്റ് നേടാത്ത ഇരുപതോളം വിദ്യാർഥികൾ ഇയർഔട്ട് ഭീഷണി നേരിടുന്നുണ്ടെന്നാണ് വിദ്യാർഥികളുടെ വാദം. ആശങ്കയെ തുടർന്ന് ചില വിദ്യാർഥികൾ കോളജിൽനിന്ന് ടിസി വാങ്ങി പഠനം അവസാനിപ്പിച്ചെന്നും അവർ പറയുന്നു.

എന്നാൽ ക്രെഡിറ്റ് സ്‌കോർ നിശ്ചയിക്കാൻ കോളജിന് അധികാരമുണ്ടെന്നാണ് അധികൃതരുടെ വിശദീകരണം. ഓട്ടോണമസ് പദവിയുള്ള സ്ഥാപനമായതിനാൽ അക്കാദമിക് കൗൺസിലിന് സ്‌കോർ തീരുമാനിക്കാമെന്നും വ്യവസായ രംഗത്തെ നിലവാരങ്ങൾ പരിഗണിച്ചാണ് 22 ക്രെഡിറ്റ് എന്ന മാനദണ്ഡം നിശ്ചയിച്ചതെന്നും കോളജ് അധികൃതർ വ്യക്തമാക്കി. വിദ്യാർഥികളുടെ പഠന നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് നിലവിലെ ക്രെഡിറ്റ് മാനദണ്ഡം തുടരുന്നതെന്നും അധികൃതർ പറഞ്ഞു.

അതേസമയം, വിദ്യാർഥിയുടെ മരണത്തിന് പിന്നാലെ ക്രെഡിറ്റ് സ്‌കോർ മാനദണ്ഡം പുനഃപരിശോധിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.