ക്രിസ്റ്റ്യാനോ-ജോർജിന പ്രണയത്തിന് സാഫല്യം;10 വർഷത്തെ പ്രണയത്തിന് ഒടുവിൽ വിവാഹം

സോഷ്യൽ മീഡിയയിൽ റൊണാൾഡോ പങ്കുവെച്ച ചിത്രത്തോടെയാണ് വിവാഹവിവരം പുറത്തുവന്നത്. ഇരുവരും വിവാഹമോതിരം അണിഞ്ഞ് കൈകൾ ചേർത്തുപിടിച്ചിരിക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചത്

ക്രിസ്റ്റ്യാനോ-ജോർജിന പ്രണയത്തിന് സാഫല്യം;10 വർഷത്തെ പ്രണയത്തിന് ഒടുവിൽ വിവാഹം

മെദീര: ഫുട്ബോൾ മൈതാനത്തിന് പുറത്തും ആരാധകർക്ക് സർപ്രൈസ് ഒരുക്കി പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ദീർഘകാല പങ്കാളിയായ ജോർജിന റോഡ്രിഗസുമായുള്ള വിവാഹവാർത്തയാണ് ഇപ്പോൾ ആരാധകർക്കിടയിലെ ചർച്ച.

സോഷ്യൽ മീഡിയയിൽ റൊണാൾഡോ പങ്കുവെച്ച ചിത്രത്തോടെയാണ് വിവാഹവിവരം പുറത്തുവന്നത്. ഇരുവരും വിവാഹമോതിരം അണിഞ്ഞ് കൈകൾ ചേർത്തുപിടിച്ചിരിക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചത്. അഞ്ച് കുട്ടികളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹച്ചടങ്ങ് നടന്നതെന്നാണ് റിപ്പോർട്ടുകൾ.

41കാരനായ റൊണാൾഡോയും 32കാരിയായ ജോർജിനയും ഏകദേശം ഒരു പതിറ്റാണ്ടായി ഒരുമിച്ചാണ്. 2016ൽ ഒരു ഗുച്ചി സ്റ്റോറിൽ സെയിൽസ് അസിസ്റ്റന്റായി ജോലി ചെയ്യുന്നതിനിടെയാണ് ജോർജിനയെ റൊണാൾഡോ പരിചയപ്പെടുന്നത്. പിന്നീട് സൗഹൃദം പ്രണയമായി വളരുകയായിരുന്നു.

വർഷങ്ങളോളം ഒരുമിച്ച് ജീവിച്ച ശേഷമാണ് ഇരുവരും വിവാഹിതരായത്. 2025 ഓഗസ്റ്റ് 11ന് ജോർജിന ഇൻസ്റ്റാഗ്രാമിലൂടെ വിവാഹനിശ്ചയം പ്രഖ്യാപിച്ചിരുന്നു. ഇതിന് കൃത്യം ഒരു വർഷം തികയുന്ന വേളയിലാണ് വിവാഹം നടന്നതെന്നാണ് റിപ്പോർട്ടുകൾ.

കഴിഞ്ഞ ദിവസങ്ങളിൽ റൊണാൾഡോയുടെ വിവാഹത്തെക്കുറിച്ച് അഭ്യൂഹങ്ങൾ ശക്തമായിരുന്നു. വിവാഹച്ചടങ്ങ് നടക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ആയിരക്കണക്കിന് ആരാധകർ മെദീരയിലെ പള്ളിക്ക് സമീപം എത്തിയിരുന്നു. എന്നാൽ വിവാഹം സംബന്ധിച്ച് റൊണാൾഡോയുടെ സോഷ്യൽ മീഡിയ പോസ്റ്റാണ് ഒടുവിൽ അഭ്യൂഹങ്ങൾക്ക് വിരാമമിട്ടത്.