ക്രൂഡ് ഓയിൽ വില ഇടിഞ്ഞു; രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറയാൻ സാധ്യത
ബ്രെന്റ് ക്രൂഡ് വില ബാരലിന് ഏകദേശം 72 ഡോളറായും ഇന്ത്യൻ ക്രൂഡ് ബാസ്‌കറ്റ് വില 67–68 ഡോളർ നിരക്കിലേക്കും താഴ്ന്നിട്ടുണ്ട്. യുദ്ധത്തിന് മുൻപുണ്ടായിരുന്ന വില നിലവാരത്തിലേക്കാണ് വിപണി തിരിച്ചെത്തിയിരിക്കുന്നതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു
ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണയുടെ വില ഗണ്യമായി കുറഞ്ഞതോടെ രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ ഉടൻ കുറവ് പ്രഖ്യാപിക്കാനിടയുണ്ടെന്ന സൂചനകൾ ശക്തമാകുന്നു. നിലവിലെ ക്രൂഡ് ഓയിൽ വില തുടർന്നാൽ അടുത്ത ഏഴ് മുതൽ പത്ത് ദിവസങ്ങൾക്കുള്ളിൽ പൊതുമേഖലാ എണ്ണ വിപണന കമ്പനികളുടെ ഇന്ധന വിൽപ്പനയിലെ നഷ്ടം ഗണ്യമായി കുറയുമെന്നാണ് വിലയിരുത്തൽ.
പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് മാസങ്ങളായി ഉയർന്ന നിലയിൽ തുടർന്നിരുന്ന എണ്ണവില അടുത്തിടെ നാല് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലെത്തി. ബ്രെന്റ് ക്രൂഡ് വില ബാരലിന് ഏകദേശം 72 ഡോളറായും ഇന്ത്യൻ ക്രൂഡ് ബാസ്‌കറ്റ് വില 67–68 ഡോളർ നിരക്കിലേക്കും താഴ്ന്നിട്ടുണ്ട്. യുദ്ധത്തിന് മുൻപുണ്ടായിരുന്ന വില നിലവാരത്തിലേക്കാണ് വിപണി തിരിച്ചെത്തിയിരിക്കുന്നതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഇന്ധനവിലയിലെ സമ്മർദം കുറഞ്ഞെങ്കിലും സബ്സിഡിയുള്ള ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വിൽപ്പനയിൽ എണ്ണക്കമ്പനികൾക്ക് ഇപ്പോഴും വലിയ നഷ്ടം നേരിടേണ്ടി വരുന്നതായാണ് വിവരം. ഓരോ സിലിണ്ടറിനും ഏകദേശം 500 രൂപയുടെ നഷ്ടം തുടരുന്നതായി വിലയിരുത്തപ്പെടുന്നു.
മേയ് പകുതിക്ക് ശേഷം രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ ലിറ്ററിന് ഏകദേശം 7.5 രൂപയുടെ വർധനയുണ്ടായിരുന്നു. ഈ കാലയളവിൽ പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവയ്ക്ക് ഇന്ധനവും സബ്സിഡിയുള്ള എൽപിജിയും വിറ്റഴിച്ചതിലൂടെ വലിയ സാമ്പത്തിക ബാധ്യത നേരിടേണ്ടിവന്നിട്ടുണ്ട്.
അതേസമയം, ബാരലിന് 75 ഡോളറിന് താഴെ ക്രൂഡ് ഓയിൽ വില തുടർന്നാൽ അടുത്ത ആറുമുതൽ പന്ത്രണ്ട് മാസം വരെ കമ്പനികൾക്ക് പഴയ നഷ്ടത്തിന്റെ വലിയൊരു ഭാഗം നികത്താൻ കഴിയുമെന്നാണ് വിലയിരുത്തൽ.
ഇതിനിടെ, സൗദി അറേബ്യയുടെയും റഷ്യയുടെയും നേതൃത്വത്തിലുള്ള ഒപെക് പ്ലസ് സഖ്യം ഓഗസ്റ്റ് മുതൽ പ്രതിദിന എണ്ണ ഉൽപ്പാദനം വർധിപ്പിക്കാൻ തീരുമാനിച്ചതും ആഗോള വിപണിയിൽ വിതരണം ഉയരാൻ കാരണമാകും. ഇത് എണ്ണവിലയിൽ കൂടുതൽ സമ്മർദം സൃഷ്ടിക്കാനും ഇറക്കുമതിയെ ആശ്രയിക്കുന്ന ഇന്ത്യയ്ക്ക് അനുകൂല സാഹചര്യം ഒരുക്കാനും സാധ്യതയുണ്ട്.
ഈ മാസം നടക്കാനിരിക്കുന്ന പാർലമെന്റ് സമ്മേളനത്തിന് മുൻപായി ഇന്ധനവില കുറയ്ക്കാനുള്ള സാധ്യതയും രാഷ്ട്രീയ-സാമ്പത്തിക വൃത്തങ്ങളിൽ ചർച്ചയാകുന്നുണ്ട്. വിലക്കുറവ് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ലെങ്കിലും, നിലവിലെ വിപണി സാഹചര്യങ്ങൾ ഉപഭോക്താക്കൾക്ക് അനുകൂലമായ തീരുമാനത്തിലേക്ക് വഴിവെക്കുമെന്നാണ് പ്രതീക്ഷ.
Comments ()