മുട്ടുമടക്കിയ ദന്തഗോപുരങ്ങള്‍, ജനരോഷത്തിന് മുന്നില്‍ വീണ മന്ത്രിപദവികള്‍; ഡോ.തോമസ് കോയാട്ട് എഴുതുന്നു

വിദ്യാഭ്യാസത്തെ സ്വന്തം രാഷ്ട്രീയ ആശയങ്ങളുടെ പ്രചാരണോപാധിയാക്കി മാറ്റാന്‍ ശ്രമിക്കുന്ന ഏത് ഭരണകൂടത്തിനും ഈ മന്ത്രിയുടെ രാജി ഒരു അനുഭവപാഠമാണ്.

മുട്ടുമടക്കിയ ദന്തഗോപുരങ്ങള്‍, ജനരോഷത്തിന് മുന്നില്‍ വീണ മന്ത്രിപദവികള്‍; ഡോ.തോമസ് കോയാട്ട് എഴുതുന്നു
ഡോ.തോമസ് കോയാട്ട്

അധികാരമുള്ളവര്‍ പലപ്പോഴും സാധാരണക്കാരുടെ ശക്തിയെ അവഗണിക്കാറുണ്ട്. പക്ഷേ ചരിത്രം വ്യക്തമാക്കുന്നത്, ചെറുതായി തോന്നുന്ന കൂട്ടായ്മകള്‍ക്കും വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാനുള്ള ശേഷിയുണ്ടെന്നതാണ്. പാറ്റകളുടെ അതിജീവനത്തെ ഉദാഹരണമായി കാണിച്ച്, വിദ്യാര്‍ഥികളുടെ പ്രതിഷേധങ്ങളും അടിച്ചമര്‍ത്തലുകള്‍ പ്രതിരോധത്തെ കൂടുതല്‍ ശക്തമാക്കുന്നതും ഈ ആശയം വ്യക്തമാക്കുന്നു. അതിജീവനം എന്നത് വെറും ജീവിച്ചിരിപ്പല്ല, അനീതിക്കെതിരെ നിലപാട് എടുക്കാനുള്ള ധൈര്യമാണ്. അവസാനം വിജയം അധികാരത്തിനല്ല, പ്രതിരോധിക്കുന്നവരുടെ ഉറച്ച മനസ്സിനാണ്.

അധികാരം എപ്പോഴും അന്ധമാണ്, തങ്ങള്‍ അമരന്മാരാണെന്ന മിഥ്യാധാരണയിലാണ് അത് നിലകൊള്ളുന്നത്. സ്വന്തം യുക്തിയും ആയുധബലവും ഉപയോഗിച്ച് പ്രകൃതിയെയും സഹജീവികളെയും, എന്തിനേറെ സ്വതന്ത്ര ചിന്തയുള്ള തലമുറകളെപ്പോലും തങ്ങള്‍ കീഴടക്കിക്കഴിഞ്ഞു എന്ന് മനുഷ്യന്‍ അഹങ്കരിക്കുന്ന കാലത്താണ് വലിയ പ്രതിരോധങ്ങള്‍ ഉയര്‍ന്നുവരുന്നത്. പാറ്റകള്‍ നടത്തിയത് പോലൊരു സമരം കാരണം ഒരു മന്ത്രിക്ക് രാജിവെക്കേണ്ടിവന്ന സംഭവം ഒറ്റനോട്ടത്തില്‍ ഒരു തമാശയായി തോന്നാം. എന്നാല്‍, അധികാരത്തിന്റെ തണലിലിരുന്ന് താഴെത്തട്ടിലുള്ള പ്രജകളുടെ അസ്തിത്വത്തെയും വിയോജിപ്പുകളെയും അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന ഏതൊരു ഭരണകൂടത്തിനും അതൊരു വിദ്യാഭ്യാസ മന്ത്രിയായാലും ഇത് ശക്തമായൊരു മുന്നറിയിപ്പാണ്.

ചെരുപ്പിനടിയില്‍ ഞെരിഞ്ഞമരുന്നവനും പ്രതിരോധത്തിന്റെ ഒരു ദിനമുണ്ട് എന്ന് ഈ രാജി നമ്മെ ഓര്‍മ്മിപ്പിക്കുന്നു. അധികാരത്തിന്റെ കോട്ടകൊത്തളങ്ങള്‍ കേവലമൊരു ചിറകടിയ്ക്ക് മുന്നില്‍, അല്ലെങ്കില്‍ മുദ്രാവാക്യം വിളിക്കുന്ന ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ എത്രമാത്രം ദുര്‍ബലമാണെന്ന് നോക്കുക.. അടുക്കളകളിലെ എച്ചിലുകളില്‍ നിന്നും ഓടകളിലെ ഇരുട്ടില്‍ നിന്നും ഉരുത്തിരിഞ്ഞ പാറ്റകളുടെ ആ വര്‍ഗ്ഗബോധം തന്നെയാണ് കാമ്പസുകളിലെ അടിച്ചമര്‍ത്തലുകളില്‍ നിന്നും വിദ്യാര്‍ത്ഥികളിലും രൂപപ്പെടുന്നത്.

വിദ്യാഭ്യാസത്തെ സ്വന്തം രാഷ്ട്രീയ ആശയങ്ങളുടെ പ്രചാരണോപാധിയാക്കി മാറ്റാന്‍ ശ്രമിക്കുന്ന ഏത് ഭരണകൂടത്തിനും ഈ മന്ത്രിയുടെ രാജി ഒരു അനുഭവപാഠമാണ്. പാഠപുസ്തകങ്ങളിലൂടെയോ ക്യാമ്പസുകളിലൂടെയോ യുവതലമുറയുടെ ചിന്തകളെ നിയന്ത്രിക്കാമെന്ന അധികാരത്തിന്റെ വ്യാമോഹം ചരിത്രം പലതവണ തകര്‍ത്തിട്ടുണ്ട്. കാരണം, ഓരോ തലമുറയ്ക്കും സ്വന്തം ലക്ഷ്യബോധവും സ്വതന്ത്രമായ രാഷ്ട്രീയ വിവേകവും ഉണ്ട്. അടിച്ചമര്‍ത്തലിലൂടെ അതിനെ ഇല്ലാതാക്കാനാകില്ല, മറിച്ച് അതാണ് കൂടുതല്‍ ശക്തമായ പ്രതിരോധങ്ങള്‍ക്ക് വഴിയൊരുക്കുക. മന്ത്രിയുടെ രാജി ഈ സത്യത്തിന്റെ ഏറ്റവും പുതിയ ഓര്‍മപ്പെടുത്തലാണ്. വിദ്യാഭ്യാസം അധികാരത്തിന്റെ ഉപകരണമല്ല, ചോദ്യം ചെയ്യാനും പ്രതിരോധിക്കാനും പഠിപ്പിക്കുന്ന ജനാധിപത്യത്തിന്റെ ഇടമാണ്.