മൊബൈൽ ചാർജിങ്ങിന് വിലക്ക്: രാത്രി 11 മുതൽ പുലർച്ചെ 5 വരെ പവർ സപ്ലൈ വിച്ഛേദിക്കും, കടുത്ത നിയന്ത്രണവുമായി റെയിൽവേ

റെയിൽവേ നിർദേശം ലംഘിച്ചാൽ ജീവനക്കാർക്കെതിരെ നടപടി

മൊബൈൽ ചാർജിങ്ങിന് വിലക്ക്: രാത്രി 11 മുതൽ പുലർച്ചെ 5 വരെ പവർ സപ്ലൈ വിച്ഛേദിക്കും, കടുത്ത നിയന്ത്രണവുമായി റെയിൽവേ

മുംബൈ: ട്രെയിനുകളിലെ രാത്രികാല മൊബൈൽ ചാർജിങ്ങിന് കർശന നിയന്ത്രണങ്ങളുമായി ഇന്ത്യൻ റെയിൽവേ. രാത്രി 11 മണി മുതൽ പുലർച്ചെ 5 മണി വരെയുള്ള സമയങ്ങളിൽ കോച്ചുകളിലെ ചാർജിങ് പോയിന്റുകളിലേക്കുള്ള വൈദ്യുതി വിതരണം പൂർണ്ണമായി വിച്ഛേദിക്കാൻ എല്ലാ റെയിൽവേ സോണുകൾക്കും ബോർഡ് നിർദേശം നൽകി. രാത്രി യാത്രകളിൽ മൊബൈൽ, പവർബാങ്ക് തുടങ്ങിയവ ചാർജ് ചെയ്യുന്നതു മൂലമുണ്ടാകുന്ന തീപിടിത്തങ്ങൾ ഒഴിവാക്കുന്നതിനാണ് ഈ നടപടി.

പല ട്രെയിനുകളിലും ഈ നിർദേശം കൃത്യമായി പാലിക്കപ്പെടുന്നില്ലെന്ന വിലയിരുത്തലിനെത്തുടർന്ന് ചാർജിങ് പോയിന്റുകൾ പ്രവർത്തിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ സർപ്രൈസ് റെയ്ഡുകൾ (മിന്നൽ പരിശോധനകൾ) നടത്താനും റെയിൽവേ ബോർഡ് ഉത്തരവിട്ടിട്ടുണ്ട്. രാത്രികാലങ്ങളിൽ ചാർജിങ് സ്വിച്ച് ഓഫ് ചെയ്യാൻ വീഴ്ച വരുത്തുന്ന ജീവനക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് റെയിൽവേ മുന്നറിയിപ്പ് നൽകി.

2014-ൽ റെയിൽവേ ബോർഡ് കൊണ്ടുവന്ന ഉത്തരവാണിത്. നിലവിൽ സുരക്ഷ മുൻനിർത്തി ഈ നിയമം വിട്ടുവീഴ്ചയില്ലാതെ നടപ്പിലാക്കാൻ സോണുകൾക്ക് വീണ്ടും കത്ത് നൽകുകയായിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച മുംബൈ - ഹൗറ മെയിലിൽ നടന്ന അപകടത്തിന്റെ പശ്ചാത്തലത്തിലാണ് നടപടികൾ ശക്തമാക്കിയത്. ഒഡീഷയിലൂടെ കടന്നുപോകുമ്പോൾ ട്രെയിനിലെ എസി കോച്ചിൽ വച്ച് യാത്രക്കാരന്റെ പവർബാങ്ക് പൊട്ടിത്തെറിച്ച് അപകടമുണ്ടായിരുന്നു. ഭാഗ്യവശാൽ യാത്രക്കാർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടെങ്കിലും, സുരക്ഷാ മുൻകരുതലുകൾ പാലിക്കുന്നതിൽ ജീവനക്കാരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതായി റെയിൽവേ കണ്ടെത്തി. തുടർന്നാണ് നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കാൻ തീരുമാനിച്ചത്.