ഡ്രൈവര്‍ ഉറങ്ങിപ്പോയി; ആലപ്പുഴയില്‍ അമിതവേഗത്തിലെത്തിയ ഊബർ കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം

ആലപ്പുഴ കൈതവന സ്വാമി ജങ്ഷനിൽ അമിതവേഗതയിലെത്തിയ ഊബർ ടാക്സി കാറിടിച്ച് പലചരക്ക് കടയുടമയായ ജോഷി തോമസ് മരിച്ചു.

ഡ്രൈവര്‍ ഉറങ്ങിപ്പോയി; ആലപ്പുഴയില്‍ അമിതവേഗത്തിലെത്തിയ ഊബർ കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം

ആലപ്പുഴ: കൈതവന സ്വാമി ജങ്ഷനിൽ അമിതവേഗതയിലെത്തിയ ഊബർ ടാക്സി കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. കളർകോട് സനാതനപുരം ഉമാശ്ശേരിയിൽ പലചരക്ക് കടയുടമയായ ജോഷി തോമസ് (ജോൺ തോമസ് - 62) ആണ് അപകടത്തിൽ കൊല്ലപ്പെട്ടത്. അപകടമുണ്ടാക്കിയ കാർ നിയന്ത്രണംവിട്ട് റോഡരികിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടറിലിടിച്ച് സ്കൂട്ടർ പൂർണമായും കത്തിനശിച്ചു.

ഇന്ന് പുലർച്ചെ 5.45-ഓടെയായിരുന്നു ദാരുണമായ സംഭവം. വീട്ടിൽനിന്ന് കടയിലേക്ക് പാൽ എടുക്കാനും പതിവ് പ്രഭാതസവാരിക്കായും ഇറങ്ങിയതായിരുന്നു ജോഷി. സുഹൃത്തായ കളർകോട് പുല്ലൂരിക്കൽ സന്ദീപുമൊത്താണ് ഇയാൾ സാധാരണ നടക്കാൻ പോകാറുള്ളത്. എന്നാൽ ഇന്ന് സന്ദീപ് എത്താൻ അല്പം വൈകിയതിനെ തുടർന്ന് ജോഷി തനിയെ നടപ്പാതയിലൂടെ നടന്നുതുടങ്ങുകയായിരുന്നു.

ഈ സമയം ചങ്ങനാശ്ശേരി ഭാഗത്തുനിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന KL 01 DL 5704 നമ്പർ ഊബർ ടാക്സി അമിതവേഗതയിലെത്തി ജോഷിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഈ സമയം സന്ദീപ് തൻ്റെ KL 04 AP 0322 നമ്പർ സ്കൂട്ടറുമായി അവിടെ എത്തിയിരുന്നു. ജോഷിയെ ഇടിച്ചശേഷം നിർല്ലാതെ വന്ന കാർ സന്ദീപിന്റെ സ്കൂട്ടറിലിടിക്കുകയും, തുടര്‍ന്ന് ഫുട്പാത്തിന്റെ കമ്പിയിലും സമീപത്തെ ഡിവൈഡറിലും ഇടിച്ചാണ് നിന്നത്.

ഇടിയുടെ ആഘാതത്തിൽ സന്ദീപിന്റെ സ്കൂട്ടറിന് ഉടനടി തീപിടിക്കുകയും പൂർണമായി കത്തിനശിക്കുകയുമായിരുന്നു. സ്കൂട്ടറിലുണ്ടായിരുന്ന 4000 രൂപയും രണ്ട് എടിഎം കാർഡുകളും പാൻ കാർഡും കത്തിനശിച്ചു. വിവരമറിഞ്ഞെത്തിയ അഗ്നിരക്ഷാസേനയാണ് സ്കൂട്ടറിലെ തീ കെടുത്തിയത്.

അപകടത്തിൽ പരിക്കേറ്റ ടാക്സി ഡ്രൈവർ തിരുവനന്തപുരം കരമന വയൽമടമ്പിൽ ശരതിനെ (35) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് ജോഷിയെയും ശരതിനെയും ആംബുലൻസിൽ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജോഷിയുടെ ജീവൻ രക്ഷിക്കാനായില്ല.

ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ടാക്സി കാർ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ജോഷിയുടെ മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.