ജനന-മരണ രജിസ്ട്രേഷൻ വൈകിയാൽ ഇനി നടപടികൾ കടുക്കും; പുതിയ നിയമം ഒക്ടോബർ 1 മുതൽ

ജനനം അല്ലെങ്കിൽ മരണം നടന്നതിന് ശേഷം 21 ദിവസത്തിനകം രജിസ്ട്രേഷൻ നടത്തിയാൽ ഫീസോ പിഴയോ നൽകേണ്ടതില്ല. 21 മുതൽ 30 ദിവസം വരെയുള്ള കാലതാമസത്തിന് നിശ്ചിത ഫീസ് അടച്ച് രജിസ്ട്രേഷൻ പൂർത്തിയാക്കാം

ജനന-മരണ രജിസ്ട്രേഷൻ വൈകിയാൽ ഇനി നടപടികൾ കടുക്കും; പുതിയ നിയമം ഒക്ടോബർ 1 മുതൽ

ദില്ലി: ജനനവും മരണവും രജിസ്റ്റർ ചെയ്യുന്നതിൽ കാലതാമസം വരുത്തുന്നവർക്ക് ഇനി കൂടുതൽ നടപടിക്രമങ്ങൾ പാലിക്കേണ്ടിവരും. ജനന-മരണ രജിസ്ട്രേഷൻ നിയമത്തിലെ പുതിയ ഭേദഗതി ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരുന്നതോടെ വൈകിയുള്ള രജിസ്ട്രേഷന് വിവിധ തലങ്ങളിലെ ഉദ്യോഗസ്ഥരുടെ അനുമതി നിർബന്ധമാകും. ഒരു വർഷം കഴിഞ്ഞുള്ള രജിസ്ട്രേഷന് യോഗ്യനായ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ അനുമതിയും രണ്ട് വർഷത്തിന് ശേഷമുള്ള രജിസ്ട്രേഷന് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ അനുമതിയും ആവശ്യമാണ്.

ജനനം അല്ലെങ്കിൽ മരണം നടന്നതിന് ശേഷം 21 ദിവസത്തിനകം രജിസ്ട്രേഷൻ നടത്തിയാൽ ഫീസോ പിഴയോ നൽകേണ്ടതില്ല. 21 മുതൽ 30 ദിവസം വരെയുള്ള കാലതാമസത്തിന് നിശ്ചിത ഫീസ് അടച്ച് രജിസ്ട്രേഷൻ പൂർത്തിയാക്കാം. ഒരു മാസം കഴിഞ്ഞ് ഒരു വർഷം വരെയുള്ള കാലതാമസത്തിൽ അധികാരപ്പെട്ട ഉദ്യോഗസ്ഥന്റെയോ ജില്ലാ രജിസ്ട്രാറുടെയോ അനുമതിയും നിശ്ചയിക്കുന്ന പിഴയും ആവശ്യമായി വരും. ഒരു വർഷം മുതൽ രണ്ട് വർഷം വരെയുള്ള കാലയളവിൽ രജിസ്ട്രേഷൻ നടത്തണമെങ്കിൽ യോഗ്യനായ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ അനുമതി നേടണം. രണ്ട് വർഷം കഴിഞ്ഞാൽ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ അനുമതിയോടെയാകും രജിസ്ട്രേഷൻ നടത്താൻ കഴിയുക.

ജനന സർട്ടിഫിക്കറ്റിന്റെ ഔദ്യോഗിക പ്രാധാന്യം വർധിപ്പിക്കുകയെന്ന ലക്ഷ്യവും നിയമഭേദഗതിക്കുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനം, ഔദ്യോഗിക രേഖകളിലെ പ്രായം സ്ഥിരീകരിക്കൽ, വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തൽ തുടങ്ങിയ വിവിധ ആവശ്യങ്ങളിൽ ജനനവും ജനനസ്ഥലവും തെളിയിക്കുന്ന രേഖയായി ഇത് കൂടുതൽ നിർണായകമാകും. ജനന-മരണ രജിസ്ട്രേഷൻ സംവിധാനത്തെ കൂടുതൽ ഡിജിറ്റൽ രൂപത്തിലേക്ക് മാറ്റുന്നതിനുള്ള നടപടികളും ഇതോടൊപ്പം ലക്ഷ്യമിടുന്നു. 2026ലെ ഭേദഗതി ബിൽ പാർലമെന്റിന്റെ ഇരുസഭകളും പാസാക്കിയിരുന്നു.

പുതിയ വ്യവസ്ഥകളിലൂടെ വൈകിയുള്ള രജിസ്ട്രേഷനിൽ പരിശോധനയും അനുമതി നടപടികളും കൂടുതൽ കർശനമാക്കുകയാണ് ലക്ഷ്യം. ജനന-മരണ വിവരങ്ങൾ സമയബന്ധിതമായി രജിസ്റ്റർ ചെയ്യുന്നത് പൗരന്മാരുടെ ഉത്തരവാദിത്തമാണെന്ന സന്ദേശവും അധികൃതർ മുന്നോട്ടുവയ്ക്കുന്നു.