വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസ്; തച്ചങ്കരിക്ക് 4 വർഷം തടവും 31 ലക്ഷം പിഴയും
വിധി പ്രസ്താവിക്കുന്നതിന് മുമ്പ് എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി ചോദിച്ചപ്പോൾ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് തച്ചങ്കരി മറുപടി നൽകിയത്. ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായിട്ടുണ്ടെന്നും രണ്ട് ദിവസം മുമ്പ് നെഞ്ചുവേദന അനുഭവപ്പെട്ടെന്നും അദ്ദേഹം കോടതിയെ അറിയിച്ചു
കോട്ടയം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിക്ക് നാല് വർഷം തടവും 31 ലക്ഷം രൂപ പിഴയും വിധിച്ച് കോട്ടയം വിജിലൻസ് കോടതി. ഔദ്യോഗിക പദവിയിലിരിക്കെ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിലാണ് കോടതി ശിക്ഷ വിധിച്ചത്. സംസ്ഥാന പൊലീസ് സേനയിൽ ഡിജിപി റാങ്കിലുണ്ടായിരുന്ന ഒരാൾ അഴിമതിക്കേസിൽ ശിക്ഷിക്കപ്പെടുന്ന ആദ്യ സംഭവമാണിതെന്നാണ് റിപ്പോർട്ട്.
വിധി പ്രസ്താവിക്കുന്നതിന് മുമ്പ് എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി ചോദിച്ചപ്പോൾ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് തച്ചങ്കരി മറുപടി നൽകിയത്. ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായിട്ടുണ്ടെന്നും രണ്ട് ദിവസം മുമ്പ് നെഞ്ചുവേദന അനുഭവപ്പെട്ടെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. എന്നാൽ ഔദ്യോഗിക പദവി വഹിച്ചിരുന്ന വ്യക്തിയെന്ന നിലയിൽ ശിക്ഷയിൽ ഇളവ് അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ വാദിച്ചു. സംസ്ഥാന പൊലീസിലെ ഉന്നത പദവിയിലിരുന്ന വ്യക്തിയായതിനാൽ ശിക്ഷാ ഇളവിന് അർഹതയില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. പിഴ അടച്ചില്ലെങ്കിൽ അധിക തടവ് അനുഭവിക്കേണ്ടിവരും.
2003 ജനുവരി മുതൽ 2007 ജൂലൈ വരെയുള്ള കാലയളവിൽ 64.70 ലക്ഷം രൂപയുടെ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നായിരുന്നു വിജിലൻസ് കേസ്. പരിശോധനയിൽ ഈ തുകയ്ക്ക് തുല്യമായ ചെലവുകളും സ്വത്തുക്കളും കണ്ടെത്തിയെങ്കിലും അതിന് മതിയായ വരുമാനസ്രോതസ്സ് വിശദീകരിക്കാൻ തച്ചങ്കരിക്ക് കഴിഞ്ഞില്ലെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. പരിശോധിച്ച കാലയളവിൽ അറിയാവുന്ന വരുമാനത്തേക്കാൾ 135.80 ശതമാനം അധിക സ്വത്ത് ഉണ്ടായിരുന്നുവെന്നും വിജിലൻസ് കണ്ടെത്തിയിരുന്നു. വീടുകൾ, ഫ്ലാറ്റുകൾ, ഭൂമി ഉൾപ്പെടെയുള്ള സ്വത്തുക്കൾ വരുമാനത്തിന് ആനുപാതികമല്ലെന്ന പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്.
2007ൽ തച്ചങ്കരിക്ക് ഡിഐജി സ്ഥാനക്കയറ്റം ലഭിച്ചതിന് പിന്നാലെയാണ് ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിൽ അന്വേഷണം നടന്നത്. 2013ൽ കുറ്റപത്രം സമർപ്പിച്ച കേസിന്റെ വിചാരണയ്ക്കിടെ ആഭ്യന്തരവകുപ്പ് മുൻ ജോയിന്റ് സെക്രട്ടറിയടക്കമുള്ളവരെ പ്രോസിക്യൂഷൻ സാക്ഷികളായി വിസ്തരിച്ചു. മുൻ അഡീഷണൽ ചീഫ് സെക്രട്ടറി, മുൻ അഡീഷണൽ ഡിജിപി, ആദായനികുതി ഉദ്യോഗസ്ഥർ, തച്ചങ്കരിയുടെ സഹോദരി തുടങ്ങിയവരാണ് പ്രതിഭാഗം സാക്ഷികൾ. കേസ് തൃശൂർ വിജിലൻസ് കോടതിയിൽ നിന്ന് മൂവാറ്റുപുഴയിലേക്കും പിന്നീട് കോട്ടയത്തേക്കും മാറ്റിയിരുന്നു. നീണ്ട നിയമനടപടികൾക്കൊടുവിലാണ് ഇപ്പോൾ വിധി വന്നത്.
Comments ()