ഡൽഹി ബസുകളിൽ കർട്ടനുകൾക്കും സൺ ഫിലിമിനും വിലക്ക്; പാനിക് ബട്ടൺ നിർബന്ധമാക്കി ഗതാഗത വകുപ്പ്

പാനിക് ബട്ടണും ട്രാക്കിങ് സംവിധാനവും എപ്പോഴും പ്രവര്‍ത്തനക്ഷമമായിരിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഡൽഹി ബസുകളിൽ കർട്ടനുകൾക്കും സൺ ഫിലിമിനും വിലക്ക്; പാനിക് ബട്ടൺ നിർബന്ധമാക്കി ഗതാഗത വകുപ്പ്

ന്യൂഡൽഹി: തലസ്ഥാന നഗരിയിലെ ബസുകളിൽ കർട്ടനുകൾ സ്ഥാപിക്കുന്നതിനും വിൻഡോകളിൽ അനധികൃത സൺ ഫിലിമുകൾ ഉപയോഗിക്കുന്നതിനും ഡൽഹി സർക്കാർ പൂർണ്ണ നിരോധനം ഏർപ്പെടുത്തി. ഇതോടൊപ്പം ബസുകളിലെ പാനിക് ബട്ടണുകളും ട്രാക്കിങ് സംവിധാനങ്ങളും എപ്പോഴും പ്രവർത്തനക്ഷമമായിരിക്കണമെന്നും ഗതാഗത വകുപ്പ് കർശന നിർദേശം നൽകി.

ഓഗസ്റ്റ് 4-ന് രാത്രി ഓടിക്കൊണ്ടിരുന്ന സ്ലീപ്പർ ബസിനുള്ളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായ ദാരുണ സംഭവത്തെ തുടർന്നാണ് ഈ അടിയന്തര നടപടി. ഗ്രേറ്റർ നോയിഡയിൽ നിന്ന് ബസിൽ കയറിയ പെൺകുട്ടിയെ അതിക്രമത്തിന് ശേഷം 40 കിലോമീറ്ററിലധികം അകലെയുള്ള കാശ്മീരി ഗേറ്റിന് സമീപം ഡ്രൈവറും കണ്ടക്ടറും ചേർന്ന് ഉപേക്ഷിക്കുകയായിരുന്നു. ബസിന്റെ ജനലുകളിൽ കർട്ടനുകൾ ഉണ്ടായിരുന്നതിനാൽ ഉള്ളിലെ കാഴ്ചകൾ പുറത്തുനിന്നു കാണാൻ കഴിയാതിരുന്നതും, 2012-ലെ നിർഭയ കേസിന് ശേഷം നിർബന്ധമാക്കിയ സിസിടിവി ക്യാമറകൾ പ്രവർത്തനരഹിതമായിരുന്നതും കുറ്റകൃത്യത്തിന്റെ ആഘാതം കൂട്ടി. നിർഭയ സംഭവത്തിന് സമാനമായ രീതിയിൽ ഉയർന്നുവന്ന ഈ കേസ് ദേശീയതലസ്ഥാനത്ത് സ്ത്രീസുരക്ഷയെക്കുറിച്ചും നിർബന്ധിത സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചുമുള്ള ചർച്ചകൾ വീണ്ടും സജീവമാക്കിയിരിക്കുകയാണ്.

ഡൽഹി ഗതാഗത വകുപ്പ് പുറപ്പെടുവിച്ച പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ ഡൽഹിയിൽ സർവീസ് നടത്തുന്ന പ്രാദേശിക ബസുകൾക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തലസ്ഥാനത്തേക്ക് എത്തുന്ന ബസുകൾക്കും ഒരുപോലെ ബാധകമാണ്. പ്രധാന സുരക്ഷാ നിർദ്ദേശങ്ങൾ താഴെ പറയുന്നവയാണ്:

  • സുരക്ഷാ ഉപകരണങ്ങളുടെ പ്രവർത്തനം: സുരക്ഷാ ഉപകരണങ്ങൾ ബസുകളിൽ സ്ഥാപിച്ചാൽ മാത്രം പോരാ, അവ എല്ലാ സമയത്തും പൂർണ്ണമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഓപ്പറേറ്റർമാർ ഉറപ്പാക്കണം.
  • പാനിക് ബട്ടൺ: യാത്രക്കാർക്ക് അത്യാവശ്യ ഘട്ടങ്ങളിൽ എളുപ്പത്തിൽ അമർത്താൻ സാധിക്കുന്ന തരത്തിൽ വേണം പാനിക് ബട്ടണുകൾ സജ്ജീകരിക്കാൻ.
  • അത്യാവശ്യ സജ്ജീകരണങ്ങൾ: ഓരോ ബസിലും കൃത്യമായി പ്രവർത്തിക്കുന്ന ഫയർ എക്സ്റ്റിംഗുഷറും പ്രഥമശുശ്രൂഷാ (ഫസ്റ്റ് എയ്ഡ്) കിറ്റും നിർബന്ധമായും ഉണ്ടായിരിക്കണം.
  • സുരക്ഷിത പാർക്കിംഗ്: രാത്രി സമയങ്ങളിലോ സർവീസ് ഇല്ലാത്തപ്പോഴോ ബസുകൾ മതിയായ വെളിച്ചമുള്ളതും അംഗീകൃതവും സുരക്ഷിതവുമായ സ്ഥലങ്ങളിൽ മാത്രമേ പാർക്ക് ചെയ്യാവൂ.