ഉംറ കഴിഞ്ഞ് മടങ്ങവെ മലയാളി തീർഥാടക ഒമാനിൽ നിര്യാതയായി
രണ്ടാഴ്ച മുൻപാണ് പൗരുഷ ബീവി നാട്ടിൽ നിന്ന് ഉംറ നിർവബിക്കാനായി സൗദിയിലെത്തിയത്
ഉംറ കർമം പൂർത്തിയാക്കി മടങ്ങുന്നതിനിടെ ഒമാൻ പാതയിൽ മലയാളി തീർഥാടക ഹൃദയാഘാതത്തെ തുടർന്ന് നിര്യാതയായി. കൊല്ലം പാരിപ്പള്ളി സ്വദേശി സൈനുലബ്ദീന്റെ ഭാര്യ പൗരുഷ ബീവി (63) ആണ് മരണപ്പെട്ടത്. രണ്ടാഴ്ച മുമ്പ് സൗദി അറേബ്യയിലെത്തിയ ഇവർ ഉംറ ചടങ്ങുകൾ വിജയകരമായി പൂർത്തിയാക്കിയിരുന്നു. എന്നാൽ, വിമാനസർവീസുകൾ വൈകിയതിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങാൻ ഒമാൻ വഴി യാത്ര തിരിക്കുകയായിരുന്നു. ബുധനാഴ്ച പുലർച്ചെ മസ്കറ്റിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടാനുള്ള ടിക്കറ്റും സംഘം എടുത്തു വെച്ചിരുന്നു.
സൗദിയിൽ നിന്ന് ഒമാനിലേക്ക് ബസിൽ യാത്ര ചെയ്യവേ പെട്ടെന്ന് ശ്വാസതടസ്സം അനുഭവപ്പെടുകയും യാത്രാമധ്യേ മരണം സംഭവിക്കുകയുമായിരുന്നു. നിലവിൽ മൃതദേഹം ഒമാനിലെ ഇബ്രി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. ആവശ്യമായ ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ വ്യക്തമാക്കി.
Comments ()